ചെങ്ങറ പാക്കേജ്: സമഗ്ര റിപ്പോർട്ട് തയാറാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി
text_fieldsകോഴിക്കോട്: ചെങ്ങറ പുനരധിവാസ പാക്കേജ് നടപ്പാക്കാൻ സമഗ്രമായ റിപ്പോർട്ട് തയാറാക്കുന്നതിന് ലൻഡ് റവന്യൂ കമ്മീഷണറെ ചുമതപ്പെടുത്തി റവന്യൂ വകുപ്പിന്റെ ഉത്തരവ്. പാക്കേജ് പ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ പലതും വാസയോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയോ, ഭൂമിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയോ വാസയോഗ്യവും കൃഷിയോഗ്യവുമാക്കി മാറ്റാനാകുമോ എന്ന് പരിശോധിക്കും.
ജൂലൈ 14ന് റവന്യൂമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ 10 ജില്ലകളിലെ കലക്ടർമാരുടെ നേതൃത്വത്തിൽ കൃഷി, വനം, ഊർജം, പൊതുമാരാമത്ത്, പട്ടികജാതി -വർഗ, ജലവിഭവ, റവന്യൂ വകുപ്പകളിലെ ഉദ്യോഗസ്ഥരുടെ ജില്ലാതല സംയുക്ത സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഈ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമാണ് സംസ്ഥാനതല സംഘം.
ലാൻഡ് റവന്യൂ കമ്മീഷണർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് കലക്ടർമാർ, അക്കൗണ്ടൻറ് ജനറൽ, അഡ്വക്കേറ്റ് ജനറൽ, വനം, പട്ടികജാതി-വർഗം, പൊതുമരാമത്ത്, കൃഷി ജലവിഭവം എന്നീവകുപ്പുകളിലെ ഉദ്യോഗസ്ഥരും സംസ്ഥാനതല സംഘത്തിലുണ്ടാവും.
പത്തനംതിട്ട ജില്ലയിൽ ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റിൽ 1495 ഭൂരഹിത കുടുംബങ്ങളാണ് സമരം നടത്തിയത്. ആ കുടുംബങ്ങളെ പുനരിപ്പിക്കുന്നതിന് 10 ജില്ലകളിൽ റവന്യൂവകുപ്പ് 831ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. അതിൽ 945 കുടുംബങ്ങൾക്ക് പട്ടയും അനുവദിച്ചുവെങ്കിലും ലഭിച്ച ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ലെന്ന് ഗുണഭോക്താക്കളിൽനിന്ന് പരാതിയുണ്ടായി. തുടർന്ന് ഗുണഭോക്താക്കളിൽ ഏറെപ്പേരും അനുവദിച്ച ഭൂമിയിൽ താമസിക്കാതെ ചെങ്ങറ സമരഭൂമിയിലേക്കോ ബന്ധുവീടുകളിലേക്കോ ചേക്കേറി. 499 കുടുംബങ്ങൾക്ക് അനുവദിച്ചു ഭൂമി ഭൂമിവാസയോഗ്യമാണെങ്കിലും 181 കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളുവെന്ന് പരിശോധനയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.