ചെങ്ങറ പാക്കേജ്: നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്
text_fieldsകൊച്ചി: ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റവന്യു വകുപ്പ്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവരിൽ അർഹരായ 1,495 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നായിരുന്നു 2010 ജനുവരി രണ്ടിലെ സർക്കാർ ഉത്തരവ്. അതിനായി 831 ഏക്കർ ഭൂമിയിൽ ഫ്ലോട്ടുകളായി തിരിച്ചു നൽകാനും തീരുമാനിച്ചു. തിരുവനന്തപുരത്ത് 225, കൊല്ലത്ത് 20, ഇടുക്കിയിൽ 657, എറണാകുളത്ത് 30, പാലക്കാട്ട് 55, വയനാട്ടിൽ 30, മലപ്പുറത്ത് 18, കണ്ണൂർ 100, കാർസർകോട്ട് 360 എന്നിങ്ങനെ 1,495 കുടുംബങ്ങളെ പുനരധിവാസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കി. എന്നാൽ, സർക്കാർ കണക്ക് പ്രകാരം ഇതുവരെ പുനരധിവസിപ്പിച്ചത് 180 കുടുംബങ്ങളെ മാത്രം. ബാക്കി 1,315 കുടുംബങ്ങളെ സർക്കാർ കൈയൊഴിഞ്ഞു.
തിരുവനന്തപുരം- 48, കൊല്ലം- 18, പത്തനംതിട്ട- നാല്, ഇടുക്കി -ഒന്ന്, എറണാകുളം- 21, പാലക്കാട് - ഏഴ്, വയനാട് - എട്ട്, മലപ്പുറം -ഏഴ്, കണ്ണൂർ -17, കാസർകോട് -62 എന്നിങ്ങനെയാണ് റവന്യൂ വകുപ്പിന്‍റെ കണക്ക്. തിരുവനന്തപുരത്ത് 48 കുടുംബങ്ങൾക്ക് വർക്കല നെയ്യാറ്റിൻകര താലൂക്കിൽ ഭൂമി അനുവദിച്ചു. കൊല്ലത്ത് 18 കുടുംബങ്ങൾക്ക് പുനലൂർ താലൂക്കിലെ തിങ്കൾകരിക്കകം വില്ലേജിലാണ് ഭൂമി അനുവദിച്ചത്. പത്തനംതിട്ടയിൽ നാല് കുടുംബങ്ങൾക്കും തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിൽ ഉൾപ്പെട്ട നാല് പേർക്ക് അടൂർ താലൂക്ക് ഏനാദിമംഗലം വില്ലേജിലെ ഭൂമി അനുവദിച്ചു.
591 കുടുംബങ്ങൾക്ക് ദേവികുളം താലൂക്കിലെ കീഴാന്തൂർ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. എറണാകുളത്ത് 28 കുടുംബങ്ങൾക്ക് മൂവാറ്റുപുഴ വില്ലേജിലും പാലക്കാട് 21 കുടുംബങ്ങൾക്ക് മണ്ണാർക്കാട് താലൂക്കിലെ കോർപ്പറേറ്റ് വില്ലേജിലാണ് ഭൂമി അനുവദിച്ചത്. വയനാട് 16 കുടുംബങ്ങൾക്ക് വൈത്തിരി താലൂക്കിൽ കോട്ടത്തറ വില്ലേജിലും മലപ്പുറത്ത് 14 കുടുംബങ്ങൾക്ക് തിരൂർ പെരിന്തൽമണ്ണ താലൂക്കുകളിലും ഭൂമി നൽകി. കണ്ണൂരിൽ 73 കുടുംബങ്ങൾക്ക് പയ്യന്നൂർ തളിപ്പറമ്പ് താലൂക്കിലും കാസർകോട് 99 കുടുംബങ്ങൾക്ക് ഹോസ്ദുർഗ് താലൂക്കിലെ പെരിയ വില്ലേജിലും ഭൂമി അനുവദിച്ചു. ഇങ്ങനെ ആകെ 912 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചെങ്കിലും ഇവരുടെ പുനരധിവാസവും കടലാസിൽ ഒതുങ്ങി.
ഭൂ പതിവിന് അനുയോജ്യമായ ഭൂമി ലഭിക്കാത്തതാണ് ചെങ്ങറ പാക്കേജ് നടപ്പാക്കാൻ തടസമെന്നാണ് റവന്യു വകുപ്പിന്‍റെ വിശദീകരണം. പട്ടയം കൈപറ്റിയവരിൽ പലരും അനുവദിച്ച ഭൂമി വാസയോഗ്യമോ കൃഷി യോഗ്യമോ അല്ലെന്ന് പരാതിപ്പെടുകയും അനുവദിച്ച ഭൂമിയിൽ താമസിക്കാതെ ചെങ്ങറ സമരഭൂമിയിലേക്കോ ബന്ധു ഭവനങ്ങളിലേക്കോ മടങ്ങേണ്ടി വന്നു. പകരം വാസയോഗ്യമായ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വീണ്ടും അപേക്ഷ നൽകിയെങ്കിലും ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഹൈകോടതി ഇടപെട്ട സാഹചര്യത്തിൽ ചെങ്ങറ പാക്കേജ് പ്രകാരം ഭൂമി ലഭിച്ചവരുടെയും ഭൂമി ലഭിക്കേണ്ട വരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തത്തുന്നതിന് 2021 ജൂലൈ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. പതിവിന് അനുയോജ്യമായ മിച്ചഭൂമിയുടെ വിവരം ശേഖരിക്കാനാണ് യോഗം തീരുമാനിച്ചത്.
പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിലായി 12.10 ഏക്കർ (4.90 ഹെക്ടർ) കൃഷി യോഗ്യവും 10.94 ഏക്കർ (4.43 ഹെക്ടർ) വാസയോഗ്യവുമായ ഭൂമി കണ്ടെത്തി. അങ്ങനെ ആകെ 23.07 ഏക്കർ (9.34 ഹെക്ടർ) ഭൂമി മാത്രമാണ് സംസ്ഥാനത്തെ മിച്ചഭൂമി ഇനത്തിൽ കണ്ടെത്തിയത്. തുടർന്ന് ഫെബ്രുവരി 11ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ഇക്കാര്യത്തിൽ അവലോകന യോഗം നടത്തി. വാസയോഗ്യമായ പകരം ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കാൻ റവന്യൂ വകുപ്പിന് ലഭിച്ചത്.
എന്നാൽ, കൃഷിക്കും വാസത്തിനും യോഗ്യമായ പകരം ഭൂമി കണ്ടെത്താൻ നടപടികൾ ഊർജിതമാക്കാനാണ് യോഗം തീരുമാനിച്ചത്. വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിട്ടുള്ളതും എന്നാൽ കൃഷിക്കും വാസത്തിനും അനുയോജ്യമായ ഭൂമിയുണ്ടെങ്കിൽ നിയമപ്രകാരം വനവൽക്കരണത്തിന് വേണ്ടി പകരം റവന്യൂഭൂമി നൽകിയശേഷം ഏറ്റെടുത്തു ചെങ്ങറ പാക്കേജിൽ ഉൾപ്പെട്ടവർക്ക് പതിച്ചു നൽകാൻ നടപടി റവന്യു, വനം വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നാണ് 2010ലെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ വനം വകുപ്പിന്‍റെ അധീനതയിലുള്ള വാസയോഗ്യമായ 87.1 ഏക്കറും 1980ലെ വനസംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ വരാത്തതും നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ കുമിൾ റിസർവിൽ ഉൾപ്പെട്ട 129.87 ഏക്കറും കണ്ടെത്തി. ആകെ 216.97 ഏക്കർ ഭൂമിക്ക് പകരം ഇടുക്കി ജില്ലയിൽ കീഴാന്തൂർ വില്ലേജിലെ ചെങ്ങറ പുനരധിവാസത്തിനായി അനുവദിച്ച 350 ഏക്കർ റവന്യൂ ഭൂമി വാസയോഗ്യമല്ലാത്തതിനാൽ ഈ ഭൂമിയിൽ നിന്നും തുല്യമായ ഭൂമി പരിഹാര വനവൽക്കരണത്തിന് നൽകും. അർഹരായവർക്ക് പതിച്ച് നൽകുന്നതിന് വനം വകുപ്പുമായി ചേർന്ന് തുടർനടപടി സ്വീകരിക്കുന്നത് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ ഭൂമിയിൽ പരിശോധന നടത്തി വാസയോഗ്യമാണോയെ റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യു കമീഷണർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.