ചെങ്ങറ പാക്കേജ്: വാഗ്ദാനം നടപ്പാക്കാൻ സർക്കാറിന് ബാധ്യത
text_fieldsകൊച്ചി: ഭൂമിക്ക് വേണ്ടി ഇനിയൊരു പ്രക്ഷോഭം ഭരണകൂടവും ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഹൈകോടതി. ഭൂരഹിതർക്ക് ഭൂമി നൽകാനുള്ള മുൻ വാഗ്ദാനങ്ങളടക്കം നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. മതിയായ ഭൂമി ലഭ്യമല്ലെന്ന് പേരിൽ വാഗ്ദാനം നടപ്പാക്കാതിരിക്കുന്നത് വരാനിരിക്കുന്ന വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ചെങ്ങറ ഭൂസമരത്തെത്തുടർന്ന് തയാറാക്കിയ ഭൂവിതരണ പാക്കേജ് നടപ്പാക്കാത്തതിനെതിരായ ഹരജികളിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ പരാമർശങ്ങൾ.
പാക്കേജ് നടപ്പാക്കാൻ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അറിയിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ലെങ്കിലും വിതരണത്തിന് തയാറായ ഭൂമി സംസ്ഥാനത്ത് ലഭ്യമല്ലെന്ന വസ്തുത ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. വാഗ്ദാനം നൽകുകയും കരാറുണ്ടാക്കുകയും ചെയ്ത സർക്കാറിന് അത് നടപ്പാക്കാനുള്ള ബാധ്യത തീർച്ചയായുമുണ്ട്. അല്ലാത്തപക്ഷം ഭരണകൂടം നൽകുന്ന ഉറപ്പിന്‍റെ വിശുദ്ധിയാണ് നഷ്ടപ്പെടുന്നത്.
വൻകിട പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ ഭൂമി ലഭ്യതയുടെ കാര്യത്തിലും കൂടുതൽ ബാധ്യതകളാണുണ്ടാവുന്നത്. ഭൂരഹിതർ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഭൂമി നൽകാനുള്ള ചെങ്ങറ പാക്കേജുണ്ടായത്. എന്നാൽ, ഇത്തരമൊരു സമരത്തിന് ഇനി ജനത്തിനോ ഭരണക്കാർക്കോ താൽപര്യമുണ്ടാകില്ലെന്ന് ഉറപ്പാണ്.
സാമൂഹികനീതി സങ്കൽപങ്ങൾ കൂടി അടങ്ങുന്നതാണ് ഇത്തരം വിഷയങ്ങൾ. അതിനാൽ വർഷങ്ങളായി ഭൂമി കാത്ത് കഴിയുന്ന ഹരജിക്കാരടങ്ങുന്നവരോട് ഇനിയും ഒഴികഴിവുകൾ പറയാനാവില്ല. ഉറപ്പ് പാലിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയ കോടതി, ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി. ഈ കാലയളവിൽ ബന്ധപ്പെട്ട കക്ഷികൾക്ക് മറുപടി നൽകാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.