കാസർകോട്ടെ ചെങ്ങറ പുനരധിവാസ പാക്കേജ് പാളി; ഭൂമി തിരിച്ചെടുക്കുന്നു
text_fieldsകൊച്ചി: ചെങ്ങറ പുനരധിവാസ പാക്കേജിെൻറ ഭാഗമായി കാസർകോട് നൽകിയ ഭൂമി തിരിച്ചെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിട്ടു. പെരിയയിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട 'പെരിയ കെ.ആർ. നാരായണൻ കോ-ഓപറേറ്റിവ് സെറ്റിൽമെൻറ് പ്രോഗ്രാ'മിന്റെ ഉദ്ധേശ്യലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചെടുക്കാൻ ഉത്തരവായത്. ഇതോടെ, തിരിച്ചെടുക്കുന്ന ഭൂമി പദ്ധതി വഴി അല്ലാതെ ഗുണഭോക്താക്കൾക്ക് നേരിട്ട് പതിച്ചു നൽകും. ഏറെ കൊട്ടിഘോഷിച്ച സെറ്റിൽമെൻറ് പ്രോഗ്രാമാണ് ഇതോടെ ഉപേക്ഷിക്കുന്നത്.
ഭൂമിയും പാര്പ്പിടവും ആവശ്യപ്പെട്ട് സമരം നടത്തിയവരിൽ 1495 കുടുംബങ്ങൾക്കാണ് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഭൂമി നൽകാൻ തീരുമാനിച്ചത്. ഇതിൽ കാസർകോട് ജില്ലയിലെ പദ്ധതിക്കായി പെരിയ വില്ലേജിൽ 166.42 ഏക്കർ ഭൂമി പട്ടികജാതി -വർഗ വകുപ്പിനു കൈമാറുകയുണ്ടായി.
പെരിയ കെ.ആർ. നാരായണൻ കോ-ഓപറേറ്റിവ് സെറ്റിൽമെൻറ് പ്രോഗ്രാം നടപ്പാക്കാനാണ് ഭൂമി നൽകിയത്. ഇങ്ങനെ കൈമാറിയ ഭൂമിയാണിപ്പോൾ റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കിയത്. ഈ ഭൂമി, 1964ലെ ഭൂപതിവ് ചട്ടപ്രകാരം സർക്കാറിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് പതിച്ചു നൽകും. കാസർകോട് കലക്ടർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചെടുക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റി ചെയർമാൻ കലക്ടറായിരുന്നു. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, സൊസൈറ്റിയിലെ ഗുണഭോക്താക്കളുടെ എതിർപ്പും നിസ്സഹകരണവും ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ തടസ്സമായെന്നാണ് കലക്ടർ നൽകിയ റിപ്പോർട്ട്.
മാസ്റ്റർ പ്ലാൻ പ്രകാരം പുനരധിവാസ പ്രവർത്തനം പൂർത്തീകരിക്കുന്നതിൽ സൊസൈറ്റി പൂർണമായും പരാജയപ്പെട്ടു. സൊസൈറ്റി പ്രവർത്തനം നിർത്തി ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം മുഴുവൻ ഭൂമിക്കും പട്ടയം നൽകാമെന്നും കലക്ടർ നിർദേശിച്ചു. ഗുണഭോക്താക്കൾക്ക് നിലവിലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഭൂമി പതിച്ചു നൽകുന്നതിനും സൊസൈറ്റിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൊതുമുതലുകളുടെ വില കണക്കാക്കി അതിെൻറ ഷെയർ സർക്കാറിൽ നിക്ഷിപ്തമാക്കാനും അനുമതി നൽകിയാണ് ഉത്തരവ്.
പാക്കേജ് പ്രകാരം എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് 50 സെൻറും മറ്റ് വിഭാഗങ്ങൾക്ക് 25 സെൻറും വീതമാണ് അനുവദിച്ചത്. അതിൽ എട്ട് സെൻറ് കിടപ്പാടവും ബാക്കി കൃഷിഭൂമിയുമാണ്. എട്ട് സെൻറ് ഭൂമി മാത്രമാണ് ഗുണഭോക്താക്കൾക്ക് പതിച്ചു നൽകിയിരുന്നത്. ബാക്കി ഭൂമി സൊസൈറ്റിയുടെ പൊതുസ്വത്തായി നിലനിർത്തിയതായിരുന്നു. പുനരധിവാസ പ്രവർത്തനം ഏകോപ്പിക്കുന്നതിനുള്ള ചുമതല കലക്ടർക്കും സംസ്ഥാന തലത്തിൽ അഡീഷനൽ ലാൻഡ് റവന്യൂ കമീഷണർക്കുമായിരുന്നു. എന്നാൽ, ഭൂരഹിതർക്ക് പുനരധിവാസ കേന്ദ്രം ഒരുക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.