ചെങ്ങോടുമല ഖനനത്തിന് അനുമതി നൽകാൻ ശ്രമം: 20ന് വീണ്ടും ഏകജാലക ഹിയറിങ്
text_fieldsകൂട്ടാലിട: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകാൻ വീണ്ടും സംസ്ഥാന ഏകജാലക ബോർഡിന്‍റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് 20ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം ലഭിച്ചു.
കഴിഞ്ഞ മാസം 18ന് നടന്ന ഹിയറിങ്ങിലെ മിനുട്സ് കോപ്പിയും സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്. വിചിത്രമായ രണ്ട് കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്ങോടുമലയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി തകർത്തിരുന്നു. ഇതിനെതിരെ നാലാം വാർഡ് ആക്ഷൻ കൗൺസിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ ഹൈകോടതി ഗ്രാമപഞ്ചായത്തിനോട് ടാങ്ക് നിർമിക്കാൻ നിർദേശിച്ചിരുന്നു.
എന്നാൽ ഈ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈകോടതിയിൽ റിപ്പോർട്ട് കൊടുക്കണമെന്ന് പഞ്ചായത്തിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ഈ നിർദേശം പാലിക്കാൻ പഞ്ചായത്ത് തയാറായില്ലെന്ന് മാത്രമല്ല ചീഫ് സെക്രട്ടറിക്കെതിരെ പ്രസിഡന്‍റ് ഹൈകോടതിയിൽ പരാതി നൽകുകയും ചെയ്തു. ഈ കേസിന് ചെലവായ തുക പഞ്ചായത്ത് ഫണ്ടിൽനിന്ന് എടുക്കരുതെന്നും ഭരണസമിതി വഹിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. കൂടാതെ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈകോടതിയെ വീണ്ടും അറിയിക്കാനും മിനുട്സിൽ പറയുന്നു.
ചെങ്ങോടുമലയിൽ പാരിസ്ഥിതികാഘാത പഠനം നടത്താൻ ഡെൽറ്റ റോക്സ് കമ്പനിയെ ചുമതലപ്പെടുത്തിയതാണ് മറ്റൊരു കാര്യം. ജെയ്പൂർ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി തയാറാക്കിയ പാരിസ്ഥിതികാഘാത റിപ്പോർട്ട് സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് സമർപ്പിച്ചിരിക്കുകയുമാണ്. ഇതുതന്നെ ഏകജാലക ബോർഡിന്‍റെയും ക്വാറി കമ്പനിയുടേയും ഒത്തുകളിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആദ്യം നൽകിയ പാരിസ്ഥിതികാനുമതി ജില്ല കലക്ടർ നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ട് അടിസ്ഥാനമാക്കി മരവിപ്പിച്ചിരുന്നു. കൂടാതെ സമരസമിതി ഹൈകോടതിയിൽ നൽകിയ കേസിനെ തുടർന്നും ഇത് റദ്ദാക്കി. എന്നാൽ വീണ്ടും ചീഫ് സെക്രട്ടറി ഇടപെട്ടതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്.
മന്ത്രി ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചെങ്ങോടുമല സംരക്ഷിക്കുമെന്ന് നൽകിയ ഉറപ്പാണ് നാട്ടുകാർക്ക് ആശ്വാസം. ഈ ക്വാറിക്ക് വേണ്ടി അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിയുടെ അനധികൃത ഇടപെടല്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഈ മാസം 31ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഈ കോവിഡ് കാലത്ത് ഖനനത്തിന് അനുമതി കൊടുക്കാൻ ധൃതി കാണിക്കുന്നത് ക്വാറി മുതലാളിയുമായുള്ള അവിഹിത ബന്ധമാണ് കാണിക്കുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.