കോൺഗ്രസ് യുവനേതാവിന് സീറ്റ് നിഷേധിക്കാൻ ചെങ്ങോടുമല ക്വാറി മാഫിയയുടെ ഇടപെടൽ
text_fieldsകോഴിക്കോട്: ചെങ്ങോടുമല ഖനനവിരുദ്ധ സമരത്തിൽ സജീവമായ കോൺഗ്രസ് നേതാവിന് നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കാൻ ശ്രമം.
എ.ഐ.സി.സി സർവേയിൽ ഉൾപ്പെടെ എലത്തൂർ മണ്ഡലത്തിൽ ഒന്നാമതെത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദിനെ ഒതുക്കാനാണ് ക്വാറിമാഫിയ സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന് മേൽ ചില മുതിർന്ന നേതാക്കളെ ഉപയോഗിച്ച് സമ്മർദംചെലുത്തുന്നത്.
ചെങ്ങോടുമലയിൽ ഖനനശ്രമത്തിനെതിരെ നാട്ടുകാർ സമരം പ്രഖ്യാപിച്ചപ്പോൾതന്നെ എം.കെ. രാഘവൻ എം.പിയുടെ കൂടെ സ്ഥലം സന്ദർശിച്ച നിജേഷ് അരവിന്ദ് പിന്നീട് നടന്ന എല്ലാ സമരത്തിലും സജീവമായി പങ്കെടുത്തു.
ആദ്യഘട്ടത്തിൽ സമരത്തോട് മുഖം തിരിഞ്ഞുനിന്ന കോൺഗ്രസ് നേതൃത്വത്തെ സമരത്തിനോട് സഹകരിപ്പിക്കാൻ കഴിഞ്ഞത് നിജേഷിെൻറ നിലപാടുകളായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടൂർ പഞ്ചായത്തിൽ യു.ഡി.എഫിന് മൂന്ന് സീറ്റ് കൂടുതൽ ലഭിച്ചത് സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടായിരുന്നു. എലത്തൂരിൽ സ്ഥാനാർഥിത്വം ഏകദേശം ഉറപ്പിച്ചിരുന്ന നിജേഷിനെ വെട്ടി പകരം സീറ്റ് ഘടകകക്ഷിക്ക് നൽകാനാണ് കഴിഞ്ഞദിവസം യോഗത്തിലെടുത്ത തീരുമാനമെന്നറിയുന്നു.
എൻ.സി.പി കാപ്പൻ വിഭാഗത്തിനോ യു.ഡി.എഫിനെ അനുകൂലിക്കുന്ന ജനതാദളിനോ നൽകാനാണ് തീരുമാനമെന്നറിയുന്നു. വി.എം. സുധീരൻ നിജേഷിനുവേണ്ടി ശക്തമായി വാദിച്ചെങ്കിലും തീരുമാനം മാറ്റിയില്ലെന്നാണ് സൂചന.
ജേഷിന് സീറ്റ് നിഷേധിക്കുന്നതിൽ എലത്തൂർ, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസ് അണികൾ പ്രതിഷേധത്തിലാണ്. ചെങ്ങോടുമല ഉൾപ്പെടുന്ന കോട്ടൂർ പഞ്ചായത്തിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം പുകയുന്നുണ്ട്.
ചില ബൂത്ത് കമ്മിറ്റികൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻവരെ തീരുമാനമെടുത്തിട്ടുണ്ട്. എലത്തൂരിൽ നിജേഷ് അരവിന്ദ് വന്നാൽ എൻ.സി.പിയിലെ മന്ത്രി ശശീന്ദ്രനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് അണികൾ കണക്കുകൂട്ടുന്നത്.
മണ്ഡലത്തിൽ അണികളില്ലാത്ത ഏതെങ്കിലും ഘടകകക്ഷിക്ക് നൽകി സീറ്റ് അടിയറവ് വെക്കരുതെന്നും പ്രവർത്തകർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.