യു.ഡി.എഫ് വിപ് ലംഘിച്ച ജോസ് വിഭാഗം എം.എൽ.എമാരുടെ നടപടി വഞ്ചന -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഭരണപക്ഷത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് വിപ് ലംഘിച്ച് സഭയിലെത്താതിരുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം എം.എൽ.എമാരുടെ നടപടി വഞ്ചനാപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവർക്കെതിരെ യു.ഡി.എഫ് നടപടിയെടുക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
യു.ഡി.എഫിൻെറ വോട്ട് വാങ്ങി ജയിച്ച രണ്ട് എം.എൽ.എമാർ അഴിമതി സർക്കാറിനെതിരെ വോട്ട് രേഖപ്പെടുത്താൻ നിയമസഭയിൽ വന്നില്ല. അവർ വോട്ട് വാങ്ങിയതും ജയിച്ചതും യു.ഡി.എഫിൻെറ പേരിലാണ്. അവർ രണ്ട് പേരും ജനാധിപത്യ വിശ്വാസികളും ഇൗശ്വര വിശ്വാസികളുമായ കേരള ജനതയോട് ചെയ്തത് ഏറ്റവും വലിയ വഞ്ചനയാണ്.
ഭാവി തീരുമാനങ്ങൾ യു.ഡി.എഫ് യോഗം ചേർന്ന് തീരീമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ പ്രതിപക്ഷത്തോട് അനീതി കാണിച്ചു. മുഖ്യമന്ത്രിക്കും മന്രതിമാർക്കും കൂടി 90 മിനുട്ട് ആണ് സമയം നൽകിയത്. എന്നാൽ ഇവർ നാല് മണിക്കൂർ സമയമാണ് എടുത്തത്. സ്പീക്കർ പക്ഷപാതിത്വം കാണിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉച്ചഭാഷിണിയായി സ്പീക്കർ അധഃപതിക്കുന്നതാണ് സഭയിൽ കണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ആരോപിച്ചു. പ്രതിപക്ഷത്തിൻെറ പ്രസംഗത്തിൽ ഇടപെട്ടുകൊണ്ടിരുന്ന സ്പീക്കർ മൂന്നര മണിക്കൂർ ഓർമ നഷ്ടപ്പെട്ട ആളെ പോലെയാണ് കസേരയിൽ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഏകപക്ഷീയമായി പെരുമാറുന്ന ഒരു സ്പീക്കറെ കേരളം മുമ്പ് കണ്ടിട്ടില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.