സാങ്കേതികമായും സങ്കീർണ്ണമായും അഴിമതി നടത്തി ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്നതിലാണ് സർക്കാർ ഗവേഷണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സാങ്കേതികമായും സങ്കീർണ്ണമായും അഴിമതി നടത്തി ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്നാണ് സർക്കാർ നിരന്തരം ഗവേഷണം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. പിണറായി സർക്കാരിന്‍റെ ജനവഞ്ചന തുറന്നു കാട്ടാൻ നവംബർ ഒന്നിന് യു.ഡി.എഫ് വഞ്ചനാ ദിനം ആയി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകൾ രചിച്ചു കൊണ്ടാണ് പിണറായി സർക്കാർ നാലര വർഷം പൂർത്തിയാക്കുന്നത്. അത്തരത്തിലൊരു ഗൂഢ പദ്ധതിയാണ് സ്വിസ്സ് കമ്പനിയായ എച്ച്.ഇ.എസ്.എസിൽ നിന്നും 3000 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള നീക്കം. കേരളത്തിലെ എല്ലാ അഴിമതികൾക്കും ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരന്‍റെ ഐ.ടി വകുപ്പ് തന്നെയാണ് ഈ അഴിമതിയും ആസൂത്രണം ചെയ്തത്.
ഈ പദ്ധതിയെ ഒരു നിക്ഷേപപദ്ധതി ആയിട്ടാണ് മുഖ്യമന്ത്രി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ അത് തെറ്റാണ്. തേവര കേന്ദ്രീകരിച്ച് ഇലക്ട്രിക് ബസുകൾ അസംബ്ളിങ് ചെയ്യുന്ന (നിർമ്മാണം അല്ല) ഒരു യൂണിറ്റ് സ്ഥാപിക്കാനാണ് സ്വിസ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
എന്നാൽ എച്.ഇ.എസ്.എസ് കേരളത്തിൽ ബസ് അസംബ്ളിങ് ആരംഭിച്ചാൽ ബസ് ഒന്നിന് ഒന്നരക്കോടി രൂപ നിരക്കിൽ 3000 ബസുകൾ സർക്കാർ കെ.എസ്.ആർ.ടി.സിയെക്കൊണ്ട് വാങ്ങിപ്പിക്കാം എന്ന് മുൻകൂർ ഉറപ്പിന്മേൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അവരിവിടെ യൂണിറ്റ് സ്ഥാപിക്കുന്നത് എന്ന കാര്യം സർക്കാർ പൊതു ജനങ്ങളിൽ നിന്നും മറച്ചു വെച്ചു.കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു? ബസുകളുടെ വില ആര് തീരുമാനിച്ചു? എങ്ങനെ തീരുമാനിച്ചു? ആഗോള ടെൻഡർ ഇല്ലാതെ എങ്ങനെ ഇത്രയും ബസുകൾ സർക്കാർ വാങ്ങിക്കും? പൊതുമേഖല സ്ഥാപനത്തിനു ന്യൂനപക്ഷ ഓഹരി മതിയെന്ന് ആരാണ് തീരുമാനിച്ചത്? ഈ ചോദ്യങ്ങൾ ചോദിച്ചത് ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരാണ്.
ഇതിനൊന്നും മറുപടി പറയാതെ ഇതിലെ അഴിമതിയെ ചോദ്യം ചെയ്ത പ്രതിപക്ഷം നിക്ഷേപകരെ തുരത്തുന്നു എന്ന പച്ചകള്ളം പറയുകയായിരുന്നു പിണറായി വിജയനെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.