ചെന്നിത്തല ആർ.എസ്.എസിന് പ്രിയപ്പെട്ട നേതാവായി മാറി -കോടിയേരി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിനെതിരെ കോൺഗ്രസും ബി.ജെ.പിയും ഒന്നിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാവിലെ പറയുന്നത് കോൺഗ്രസ് നേതാക്കൾ ഉച്ചക്ക് ഏറ്റുപറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ശത്രുതയിലുള്ള ഇരുകക്ഷികളും കേരളത്തിൽ ഒരുമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത നേതാവ് യു.ഡി.എഫ് നേതൃത്വത്തിൽ വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതിനായി രമേശ് ചെന്നിത്തലയെ ആർ.എസ്.എസ് പിന്തുണക്കുകയാണ്. ആർ.എസ്.എസിന്‍റെ പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിക്കഴിഞ്ഞു. ആർ.എസ്.എസ് അജണ്ട കോൺഗ്രസ് തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം സംഘടിതമായ നുണപ്രചാരണമാണ് നടപ്പാക്കുന്നത്. വിവാദങ്ങൾക്ക് പുറകേ പോയി വികസനത്തിന് തടസമുണ്ടാക്കാൻ സർക്കാറിന് താൽപര്യമില്ല. സർക്കാർ വികസന അജണ്ടയുമായി മുന്നോട്ട് പോകും.
കൺസൾട്ടൻസി വേണ്ടെന്ന നിലപാട് സി.പി.എമ്മിന് ഇല്ല. എല്ലാ സർക്കാരും കൺസൾട്ടൻസി നടത്തുന്നുണ്ട്. കൺസൾട്ടൻസി വേണ്ടെന്ന് സി.പി.എം പ്ലീനം തീരുമാനമെടുത്തിട്ടില്ല.
സ്വർണക്കടത്ത് കേസിൽ ഏത് അന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും ഏത് അന്വേഷണവും നടത്താം.
എ.കെ.ജി സെന്‍ററിൽ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ അപാകതയില്ല. പാർട്ടി മെമ്പർമാരായവരുടെ യോഗമാണ് വിളിച്ചത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് സർക്കാറിനെയോ പാർട്ടിയെയോ ബാധിക്കില്ല. ശിവശങ്കറിനെതിരായ അന്വേഷണം വ്യക്തിപരമാണ്.
കോവിഡ് പടർന്നുപിടിക്കുകയാണെങ്കിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടിവരുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.