നേമത്ത് മുരളീധരൻ തന്നെയെന്ന് സൂചന നൽകി ചെന്നിത്തല; 'വിജയിക്കുന്ന കാര്യത്തിൽ സംശയമില്ല'
text_fieldsതിരുവനന്തപുരം: നേമത്ത് കെ. മുരളീധരൻ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തെത്തുമെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരുത്തനായ നേതാവ് നേമത്ത് വരും. വലിയൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഈ പോരാട്ടത്തിൽ സി.പി.എമ്മിനെയും ബി.ജെ.പിയേയും ഒരുപോലെ തറപറ്റിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നുരണ്ട് സീറ്റുകളൊഴിച്ച് ബാക്കി സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. നിലമ്പൂരിലെയും പട്ടാമ്പിയിലെയും നേതാക്കളെ ഉമ്മൻചാണ്ടിയും ഞാനും കൂടെ ഇന്ന് തിരുവനന്തപുരത്ത് വിളിപ്പിച്ചിട്ടുണ്ട്. വൈകിട്ട് കന്‍റോൺമെന്‍റ് ഹൗസിൽ ചർച്ച നടത്തിയ ശേഷം തീരുമാനം ഹൈക്കമാന്‍റിനെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെ. മുരളീധരൻ നേമത്ത് സ്ഥാനാർഥിയാകുമെന്ന് ഉമ്മൻചാണ്ടിയും സൂചന നൽകിയിരുന്നു. കെ. മുരളീധരൻ നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തനാണ്, സ്ഥാനാർഥിയുടെ കാര്യത്തിൽ പ്രഖ്യാപനം വരെ കാത്തിരിക്കൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താൻ പുതുപ്പള്ളി വിട്ട് പോകില്ലെന്ന് ഇന്നലെ രാത്രി അദ്ദേഹം വ്യക്തമാക്കി.
കെ. മുരളീധരനെ ഇന്ന് ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് മുരളീധരൻ നേമത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം വന്നത്. അതേസമയം, നിലവിലെ എം.പിമാർ ആരും മത്സരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.