ജനങ്ങൾ ക്യൂ നില്‍ക്കുന്നത് ഭക്ഷണം വാങ്ങാനുള്ള കാശിന് -ചെന്നിത്തല
text_fieldsകോഴിക്കോട്: ആഡംബരം കാണിക്കാനല്ല സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാനുള്ള കാശിന് വേണ്ടിയാണ്. മുന്നൊരുക്കമില്ലാതെ എടുത്ത് ചാടി ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം ബി.ജെ.പി അവരെ പരിഹസിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാവങ്ങളുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍ തന്നെ ബാങ്കുകളെ കബളിപ്പിച്ച വന്‍തോക്കുകളുടെ 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളിയത് കേന്ദ്ര സര്‍ക്കാറിന്‍റെ യഥാര്‍ഥ മുഖമാണ് വെളിപ്പെടുത്തുന്നത്. രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ അടക്കമുള്ള വമ്പന്മാരുടെ വായ്പകളാണ് എഴുതി തള്ളിയത്. വിജയമല്യയുടെ മാത്രം 1202 കോടി രൂപ എഴുതി തള്ളി. മൊത്തം നാൽപത്തി എണ്ണായിരം കോടിയാണ് ഇങ്ങനെ എഴുതി തള്ളുന്നത്. കള്ളപണം തടയാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന് പറയുന്നത് നാട്യം മാത്രമാണ്. വേണ്ടപ്പെട്ടവര്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും വിവരം ചോര്‍ത്തിക്കൊടുത്ത ശേഷമാണ് നോട്ടുകള്‍ പിന്‍വലിച്ചത്.
കള്ളപണം തടയുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടിയിരുന്നത് ബാങ്കുകളെ പറ്റിച്ച ഈ വന്‍തോക്കുകളില്‍ നിന്ന് പണം തിരിച്ചു പിടിക്കുകയായിരുന്നു. കര്‍ണ്ണാടകത്തില്‍ മുൻ ബി.ജെ.പി മന്ത്രി ജനാര്‍ദന റെഡ്ഡി മകളുടെ വിവാഹം നടത്തിയത് 500 കോടി പൊടിച്ചു കൊണ്ടാണ്. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഈ തുക ലഭിച്ചത്? ജനാര്‍ദ്ദന റെഡ്ഡി ബാങ്കിന് മുന്നില്‍ ക്യൂ നിന്നാണോ തുക വാങ്ങിയത്. ഇതാണോ ബി.ജെ.പിക്കാരുടെ ലളിത ജീവിതം. ബി.ജെ.പിക്കാര്‍ക്ക് വിവരം മുന്‍കൂട്ടി ചോര്‍ത്തി കൊടുത്തു എന്ന ആരോപണം ശരിവെക്കുന്നതാണ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണം.
ആഡംബരവും സുഖോലോലുപതയും കൂടിയതു കാരണമാണ് നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ കേരളത്തില്‍ ഇത്രക്ക് പ്രശ്‌നമുണ്ടായതെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ മലയാളികളെ അപമാനിച്ചിരിക്കുകയാണ്. ആഡംബരം കാണിക്കാനല്ല സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാനുള്ള കാശിന് വേണ്ടയാണ്. മുന്നൊരുക്കമില്ലാതെ എടുത്ത് ചാടി ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം ബി.ജെ.പി അവരെ പരിഹസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.