ഇ.എം.സി.സി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ട് ചെന്നിത്തല
text_fieldsകൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സി ഇന്‍റർനാഷണൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റിഡ് കമ്പനി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. പരിസ്ഥിതി മേഖലയിലടക്കം പ്രവർത്തിക്കുന്ന കമ്പനിയാണ് യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇ.എം.സി.സി ഗ്രൂപ്പ്. ഇവർക്ക് കേരളത്തിൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ഇ.എം.സി.സി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ അമുല്യമായ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാനുള്ള നീക്കമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്പനി വ്യവസായമന്ത്രിക്ക് നൽകിയ കത്തിൽ ഫിഷറീസ് മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ന്യൂയോർക്കിൽ വെച്ച് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ കാര്യവും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇടപാടിൽ സംശയത്തിന്‍റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും ചെന്നിത്തല വ്യക്തമാക്കി.
400 ആഴക്കടൽ യാനങ്ങൾ നിർമിക്കാനാണ് സർക്കാർ കരാറുണ്ടക്കുന്നത്. ബോട്ടുകളും മദർ വെസ്സലുകളും അടുപ്പിക്കാൻ പുതിയ ഹാർബറുകൾ, പുതിയ സംസ്കരണ ശാലകൾ, 200 ചില്ലറ മത്സ്യ വിപണന കേന്ദ്രങ്ങൾ, മത്സ്യ കയറ്റുമതി സംവിധാനം എന്നിവയും കരാറിൽപ്പെടുന്നു. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം 20-25 വർഷം വരെ അമേരിക്കൻ കമ്പനിക്കാണ്. പിന്നീട് കേരളത്തിന് കൈമാറുമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.