ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം: ഹരജിയുമായി ചെന്നിത്തല ഹൈകോടതിയില്‍
text_fieldsകൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജി.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതില്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണത്തിന് ഉത്തരവിട്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ളെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. ശങ്കര്‍ റെഡ്ഡിക്കും ചെന്നിത്തലക്കും പുറമെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി. ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരെ എതിര്‍കക്ഷികളാക്കി നല്‍കിയ പരാതിയില്‍ ഡിസംബര്‍ 30നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവുണ്ടായത്.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മറികടന്ന് എതിര്‍കക്ഷികള്‍ ഗൂഢാലോചന നടത്തി ഡി.ജി.പിമാരുടെ നാല് തസ്തികകള്‍ ഉണ്ടാക്കി അനര്‍ഹമായി ശങ്കര്‍ റെഡ്ഡിക്ക് നിയമനം നല്‍കിയെന്നാണ് പരാതിക്കാരന്‍െറ ആരോപണം. കേഡര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ചിലര്‍ ഹരജിക്കാരനെ ഉപയോഗപ്പെടുത്തിയിരിക്കുകാണെന്ന് ചെന്നിത്തല ഹരജിയില്‍ പറയുന്നു. സ്ക്രൂട്ടിനി കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് നാല് തസ്തികകള്‍ ഉണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഇതില്‍ അധികാരപരിധി ലംഘനമില്ല. അധിക കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ട്. അതിനാല്‍, ഇത് ഓള്‍ ഇന്ത്യ സര്‍വിസ് റൂള്‍സിന് വിരുദ്ധമല്ല. ഈ സാഹചര്യത്തില്‍ അനാവശ്യമായി തനിക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി തീര്‍പ്പാകുംവരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നാണ് ഇടക്കാല ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.