എസ്. രാജേന്ദ്രേൻറത് കൈയേറ്റ ഭൂമി; മുഖ്യമന്ത്രി അന്വേഷിക്കണം –ചെന്നിത്തല
text_fieldsമൂന്നാർ: മൂന്നാർ ടൗണിലെ ഇക്കാനഗർ പ്രദേശത്ത് എസ്. രാജേന്ദ്രൻ എം.എൽ.എ കൈവശംവെച്ചിരിക്കുന്നത് കൈയേറ്റ ഭൂമിയാണെന്നും പട്ടയമുണ്ടെങ്കിൽതന്നെ അത് വ്യാജമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് മുഖ്യമന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
1992ൽ ഭൂമി സംബന്ധിച്ച് രാജേന്ദ്രനുമായുള്ള കേസിൽ കെ.എസ്.ഇ.ബിക്ക് അനുകൂലമായിരുന്നു ദേവികുളം കോടതി വിധി. പിന്നീട് എങ്ങനെയാണ് പട്ടയം കിട്ടിയതെന്ന് അന്വേഷിക്കണം. മൂന്നാറിൽ കോൺഗ്രസ് നേതാക്കൾ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അതും തിരിച്ചുപിടിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിൽ സ്ഥിതി ഗുരുതരമാണ്. വൻകിടക്കാരുടെ നിയമലംഘനങ്ങൾ സർക്കാർ അനുവദിച്ചുകൊടുക്കുകയാണ്. കോടതി ഉത്തരവുകൾക്ക് പോലും വിലയില്ല. സി.പി.എം നേതൃത്വത്തിൽ വ്യാപകമായി നടക്കുന്ന കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണം.
വി.എസ്. അച്യുതാനന്ദൻ നടത്തിയ കൈയേറ്റം ഒഴിപ്പിക്കൽ പരാജയമായിരുന്നു. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. നടപടിയുടെ മറവിൽ കർഷകരെ ദ്രോഹിക്കരുത്. വൻ സാമ്പത്തിക ശക്തികൾ മൂന്നാറിനെ ചൂഷണം ചെയ്യുകയാണ്. ജനത്തെ കബളിപ്പിക്കാനാണ് സി.പി.എം ദേവികുളം സബ്കലക്ടർക്കെതിരെ സമരം നടത്തിയത്. കോൺഗ്രസ് നേതാക്കൾ മൂന്നാറിൽ ഭൂമി കൈയേറിയതായി അറിവില്ല. കൈയേറ്റങ്ങൾക്കെതിരെ ഏപ്രിൽ മൂന്നിന് മൂന്നാർ ഗാന്ധിപ്രതിമക്ക് മുന്നിൽ യു.ഡി.എഫ് നേതാക്കൾ സത്യഗ്രഹം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കൊപ്പംമായരുന്നു ചെന്നിത്തലയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.