സി.പി.എമ്മിൽ പിണറായിക്കെതിരെ ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദി ഗ്രൂപ്പ് -ചെറിയാൻ ഫിലിപ്പ്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്ത്തുന്നതാണെന്ന എം.എ. ബേബിയുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് മുൻ സി.പി.എം സഹയാത്രികൻ കൂടിയായ ചെറിയാന്‍റെ പ്രസ്താവന.
പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, എളമരം കരീം, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ ബേബിയോടൊപ്പം പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ലെന്നും ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിനും എതിരെ ജില്ല സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി. ജയരാജന്റെയും ആലപ്പുഴയിൽ ജി. സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വാക്കും പ്രവൃത്തിയും ശൈലിയും പ്രശ്നമായെങ്കില്‍ അതു പരിശോധിക്കണമെന്നും നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നുമായിരുന്നു എം.എ. ബേബി ഒരു മാഗസിനിൽ ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. കേരളത്തില്‍പോലും സി.പി.എമ്മിൽനിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നെന്നത് ഉത്കണ്ഠാജനകമാണെന്ന് ബേബി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല, ബഹുജന സ്വാധീനത്തിൽ പാര്‍ട്ടിക്കുണ്ടായ ചോര്‍ച്ചയും പരിശോധിക്കണം.
തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളാതെ ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാനാകില്ല. സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയംവിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജനസ്വാധീനം വീണ്ടെടുക്കാനാകൂ. ജനങ്ങളോട് പറയുന്നതുപോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. വീഴ്ചകളും തെറ്റുകളും നിര്‍വ്യാജം തിരുത്തുന്നതില്‍ സങ്കോചമോ വിസമ്മതമോ പാടില്ലെന്നും ലേഖനത്തിൽ എം.എ. ബേബി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.