ഉദ്യോഗസ്ഥ പ്രമാണിമാർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കുന്നു -ചെറിയാൻ ഫിലിപ്പ്
text_fieldsകോഴിക്കോട്: അഴിമതിക്കാരായ ചില ഉദ്യോഗസ്ഥ പ്രമാണിമാർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ചെറിയാൻ ആഞ്ഞടിച്ചത്. ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ലോബി സെക്രട്ടറിയേറ്റിൽ പ്രബലമാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥ പ്രമാണിമാർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിൽ ഒരു ഭരണ സ്തംഭനമുണ്ടെന്ന ദുഷ്‌പ്രചരണം ഇവരുടെ സമ്മർദ തന്ത്രത്തിന്റെ ഭാഗമാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സത്യസന്ധരാണോയെന്ന് വിധിയെഴുതേണ്ടത് വിജിലൻസ് കോടതിയാണ്. ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ലോബി സെക്രട്ടറിയേറ്റിൽ പ്രബലമാണ്.
ഇവരുടെ സംഘടിത നീക്കങ്ങളെ ചെറുക്കാൻ അഴിമതിക്കാരല്ലാത്തവർക്കു കഴിയുന്നില്ല. മന്ത്രിമാരെ അഴിമതിയിലേക്കു വലിച്ചിഴക്കുകയും അഴിമതി വിഹിതം കണക്കു പറഞ്ഞു വാങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാവൂ. ഉദ്യോഗസ്ഥർ മുൻകൈ എടുക്കാതെ ഭരണതലത്തിൽ ഒരു അഴിമതിയും നടക്കില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ ഏതെങ്കിലും അവിഹിത കൂട്ടുകെട്ടുണ്ടെങ്കിൽ അതിനു അറുതി വരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.