ചെറിയാെൻറ തിരിച്ചുവരവ് കോൺഗ്രസിന് നേട്ടം
text_fieldsതിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പിണക്കം അവസാനിപ്പിച്ച് ചെറിയാന് ഫിലിപ് മടങ്ങിയെത്തുമ്പോള്‍ കോൺഗ്രസിന് കിട്ടുന്നത് പുതുജീവന്‍. സമീപകാലത്ത് നേതൃത്വത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് പാർട്ടി വിട്ടുപോയ നേതാക്കൾക്ക് മറുപടി നൽകാൻ ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് ചെറിയാെൻറ മടങ്ങിവരവ്. സംസ്ഥാന സി.പി.എമ്മിനെ അടക്കിവാഴുന്ന പിണറായി വിജയനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിട്ടും അർഹമായ പരിഗണന ലഭിക്കാതെ ചെറിയാനെപ്പോലെ ഒരാൾക്ക് തിരിച്ചുവരേണ്ടിവരുന്നത് കോൺഗ്രസിൽ ചാഞ്ചാടി നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പാകുമെന്നും നേതൃത്വം കരുതുന്നു.
വിമര്‍ശനം നേരിടുന്ന കോൺഗ്രസിലെ പുതിയ നേതൃത്വത്തിന് ഇത് വലിയ ആത്മവിശ്വാസം നല്കുന്നു. ചെറിയാെൻറ തിരിച്ചുവരവ് പാർട്ടിയിൽ നടപ്പായ തലമുറമാറ്റത്തിെൻറ ഗുണഫലമാണെന്ന് അവർ അവകാശപ്പെടുമെന്നതിൽ സംശയമില്ല. അതിലൂടെ പാര്‍ട്ടിയില്‍ പിടിമുറുക്കാനും അവര്‍ക്ക് സാധിക്കും. ചെറിയാെൻറ വരവ് കോൺഗ്രസിെൻറ കരുത്തില്‍ വലിയ വ്യത്യാസം വരുത്തില്ലെങ്കിലും ആത്മവിശ്വാസത്തിന് ശക്തിപകരും. അക്കാര്യം തിരിച്ചറിഞ്ഞാണ് ഇടതുമുന്നണിയുമായി അദ്ദേഹം ഇടഞ്ഞപ്പോൾതന്നെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.
നേതാക്കള്‍ വിട്ടുപോകുന്നെന്ന് കോൺഗ്രസിനെ വിമര്‍ശിക്കുന്ന സി.പി.എമ്മിന് തിരിച്ചടി നല്‍കാനും അതിലൂടെ കഴിയുമെന്ന് നേതൃത്വം ഉറപ്പിച്ചിരുന്നു. കൊഴിഞ്ഞുപോക്ക് ആഘാതം മറികടക്കാൻ ചെറിയാനെപ്പോലെ ഒരാളുടെ തിരിച്ചുവരവ് ആവശ്യമാണെന്നതിൽ കോൺഗ്രസ് നേതാക്കൾക്കെല്ലാം ഒരേ അഭിപ്രായമാണ്. അതിനാലാണ് നേതൃത്വത്തിൽ ഒരാൾപോലും ചെറിയാെൻറ വരവിനോട് വിയോജിക്കാതിരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിയും പുനഃസംഘടന തർക്കങ്ങളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സൃഷ്ടിച്ച അസ്വസ്ഥതകൾക്കിടയിൽ കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ് ചെറിയാെൻറ തീരുമാനം. മുൻ എം.എൽ.എ ഉൾപ്പെടെ ചില സി.പി.എം നേതാക്കളെയും അവർ ഉന്നമിട്ടിട്ടുണ്ട്. ചെറിയാന് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകുമെന്നാണ് അറിയുന്നത്. അടുത്തയാഴ്ച ചേരുന്ന പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെയും നിർവാഹക സമിതിയുടെയും യോഗത്തോടനുബന്ധിച്ചായിരിക്കും ചെറിയാെൻറ ഒൗദ്യോഗിക പാർട്ടി പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.