എളമരത്തിന്‍റെ രാജ്യസഭാ സീറ്റ്: സി.പി.എമ്മിനെതിരെ ചെറിയാൻ ഫിലിപ്പ്
text_fieldsതിരുവനന്തപുരം: കെ.എം മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയരുന്നതിനിടെ സി.പിഎമ്മിലും അഭിപ്രായ ഭിന്നത. എളമരം കരീമിന് സീറ്റ് നൽകിയ സി.പി.എം തീരുമാനത്തിനെതിരെ പരസ്യ പ്രതികരണവുമായി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി. കോൺഗ്രസിന്‍റെ രാജ്യസഭ സീറ്റിലുള്ള തർക്കങ്ങളെ മുൻ നിർത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പരോക്ഷമായി സി.പി.എം തീരുമാനത്തെ അദ്ദേഹം വിമർശിക്കുന്നത്.
അധികാര കുത്തകക്കെതിരെ 1987-ൽ കോൺഗ്രസിൽ താൻ ഉയർത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നത്. സി.പി.എമ്മിനെ പോലെ രണ്ടു തവണ പൂർത്തിയാക്കിയ എം.എൽ.എ മാർക്കും എം.പി മാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന തന്‍റെ ആവശ്യം കെ.പി.സി.സി തള്ളിയതിനെ തുടർന്നാണ് 2001ൽ ഏറ്റവുമധികം കാലം എം.എൽ.എ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശ്നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്കു തന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്‍ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരേ ആളുകൾ തന്നെ സംഘടനാസ്ഥാനവും പാർലമെന്‍ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്ന വാക്കുകൾ സി.പി.എം രാജ്യസഭാ സ്ഥാനാർഥി എളമരം കരീമിനെതിരെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എളമരം കരീം നിലവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നുണ്ട്. അതിന് പുറമേയാണ് അദ്ദേഹത്തിന് രാജ്യസഭ സീറ്റ് കൂടി നൽകുകയും ചെയ്തത്. ചെറിയാൻ ഫിലിപ്പും രാജ്യസഭ സീറ്റ് ആഗ്രഹിച്ചിരുന്നു. ഇതാദ്യമായാണ് ഇടതുപക്ഷ പാളയത്തിലെത്തിയ ശേഷം ചെറിയാൻ സി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.