സി.പി.എമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്; രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.എമ്മെന്ന്
text_fieldsസി.പി.എമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ കെണിയിൽ 20 വർഷം ഹോമിക്കേണ്ടി വന്നുവെന്നും മുൻ സി.പി.എം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് കെ.വി തോമസ് സി.പി.എമ്മിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
യൗവ്വനം മുതൽ ഇ.എം.എസ് ഉൾപ്പെടെയുള്ളവർ തന്നെ സി.പി.എം വേദികളിലേക്ക് ആനയിച്ചിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് എഴുതി. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി.പി.എമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.