ചെറുവള്ളിക്ക് ചിറകുമുളക്കുന്നു
text_fieldsകോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതിയായതോടെ ചിറകുവിരിക്കാനൊരുങ്ങി ചെറുവള്ളി. എരുമേലിയിൽനിന്ന് നാലുകിലോമീറ്റർ അകലെ, കൈതയും റബറും നിറഞ്ഞ െചറുവള്ളി എസ്റ്റേറ്റിലാണ് നിർദിഷ്ട വിമാനത്താവളം. ഇതിനായി എസ്റ്റേറ്റിലെ 2263.18 ഏക്കർ എറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടതോടെ മധ്യകേരളത്തിനും പ്രതീക്ഷയുടെ ചിറകുവിടരുകയാണ്.
നേരേത്ത വിമാനത്താവള പദ്ധതിക്കായി വി. തുളസീദാസിനെ സ്പെഷൽ ഓഫിസറായി നിയമിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കൽ കടമ്പ തീർക്കുകയായിരുന്നു. സ്ഥലം ഏറ്റെടുക്കാതെ തുടർനടപടിയിലേക്ക് കടക്കാൻ കഴിയില്ലെന്ന് കാട്ടി സാധ്യതാപഠനം നടത്തിയ ലൂയി ബഗ്ർ കമ്പനി സർക്കാറിന് കത്തും നൽകി. ഇതിെനാടുവിലാണ് സ്ഥലമേറ്റെടുക്കലിനു സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. എസ്റ്റേറ്റിെൻറ ഉടമസ്ഥതയെച്ചൊല്ലി ബിലീവേഴ്സ് ചർച്ചും സർക്കാറും തമ്മിൽ നിയമപോരാട്ടം നടക്കുന്നതിനാൽ ഭൂമിയുടെ തുക പാലാ സബ് കോടതിയിൽ കെട്ടിവെച്ചാകും ഏറ്റെടുക്കൽ.
ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തുടർനടപടിക്ക് വേഗംവെക്കും. ആറുമാസത്തിനുള്ളിൽ പരിസ്ഥിതി ആഘാതപഠനമടക്കം പൂർത്തിയാക്കി അനുമതിക്കായി കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ വർഷംതന്നെ നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം. നിർമാണത്തിനു തുടക്കമിട്ട് അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യത്തിലെത്തിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നിർദിഷ്ട വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്ററാണ് ദൂരം. ഇത് വരുന്നത് ഭക്തർക്ക് ഏെറ ഗുണം ചെയ്യും. ശബരിമലയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ബി.ജെ.പി ആരോപണങ്ങെള വിമാനത്താവള പദ്ധതി ഉയർത്തി സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. നേരേത്ത സാധ്യതാപഠനം നടത്തിയ ലൂയി ബഗ്ർ കമ്പനി അനുകൂല റിപ്പോർട്ടാണ് നൽകിയത്. ഭൂമിയുടെ ഘടന വിമാനത്താവളത്തിന് അനുയോജ്യമാണെന്നും ലാഭകരമാകുമെന്നും പഠനത്തിൽ കെണ്ടത്തിയിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം നിർമിക്കാൻ 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥത സഭക്ക് സ്വന്തം –ബിലീവേഴ്‌സ് ചർച്
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചർച്ചിനാണെന്ന് സഭ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ. ഇക്കാര്യം ഹൈകോടതിയും സുപ്രീംകോടതിയും ശരിെവച്ചിട്ടുണ്ട്. സഭ വിമാനത്താവളത്തിന് എതിരല്ല, വിമാനത്താവളം വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുള്ള ഏത് ചർച്ചക്കും സഭ തയാറാണ്. ഇത് തള്ളിയുള്ള നടപടികൾ സ്വീകാര്യമല്ല. എസ്േറ്ററ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സഭയുടെ അടിയന്തര എപ്പിസ്കോപ്പൽ കൗൺസിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എസ്റ്റേറ്റിൽ നാല് ആരാധനാലയങ്ങളും
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് 916.26 ഹെക്ടറാണ് (2263.18 ഏക്കർ). നാല് സർവേ നമ്പറുകളിലാണ് ഭൂമി. ഇതിൽ മൂന്ന് സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി എരുമേലി തെക്ക് വില്ലേജിലും ഒന്ന് മണിമലയിലുമാണ്. േനരത്തേ ഇതിൽ 1.83 ഹെക്ടർ സ്ഥലം എരുമേലി-ചേനപ്പാടി റോഡിന് ഏറ്റെടുത്തിരുന്നു. ബാക്കി 914.43 ഹെക്ടർ ഗോസ്പൽ ഫോർ ഏഷ്യ (ബിലീവേഴ്സ് ചർച്) കൈവശമാണ്. റബറാണ് പ്രധാന കൃഷി.
എസ്റ്റേറ്റ് ഓഫിസുകൾ, ലയങ്ങൾ, വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ എന്നിവ ഇവിടെയുണ്ട്. നാല് ആരാധനാലയങ്ങളാണുള്ളെതന്നും റവന്യൂ വകുപ്പിെൻറ രേഖകളിൽ പറഞ്ഞു. തനത് നാടൻ ഇനമായ ചെറുവള്ളി പശുക്കൾ എസ്റ്റേറ്റിലെ കൗതുകക്കാഴ്ചയാണ്.
പാലാ സബ് കോടതിയിലെ
കേസ് തുടരും
രാജമാണിക്യം കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയതോടെയാണ്
അവകാശത്തർക്കവുമായി ബിലീവേഴ്സ് ചർച്ച് കോടതിയെ സമീപിച്ചത്
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥത തർക്കം സംബന്ധിച്ച് സർക്കാറും ബിലീവേഴ്സ് ചർച്ചും കക്ഷികളായുള്ള പാലാ സബ് കോടതിയിലെ കേസ് തുടരും.
ഹാരിസൺ മലയാളം പ്ലാേൻറഷൻ തോട്ടകൃഷിക്കായി സർക്കാറിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണ് 2005ൽ ബിലീവേഴ്സ് ചർച്ചിെൻറ കൈവശത്തിലെത്തിയത്. ഈ ഭൂമി കൈമാറാൻ അവകാശമില്ലെന്നും അന്തിമമായി സർക്കാറിൽ നിക്ഷിപ്തമാണെന്നും രാജമാണിക്യം കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയതോടെയാണ് അവകാശത്തർക്കവുമായി ബിലീവേഴ്സ് ചർച്ച് കോടതിയെ സമീപിച്ചത്.
ഈ കേസ് സിവിൽ കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടതോടെയാണ് പാലാ സബ്കോടതിയിൽ കേസെത്തിയത്. കേസ് തീർപ്പാകാത്തതിനാൽ 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് കോടതിയിൽ നിശ്ചിത പണം (ടോക്കൺ) കെട്ടിവെച്ച ശേഷം സർക്കാർ ഉത്തരവുപ്രകാരം ഈ ഭൂമി ഏറ്റെടുക്കൽ നടപടി തുടരാൻ കഴിയും. റവന്യൂവകുപ്പ് സർവേപ്രകാരം നിശ്ചയിക്കപ്പെട്ട പൊന്നുംവില തുക കോടതി കേസ് തീർപ്പാക്കുമ്പോൾ നിശ്ചയിക്കുന്ന ഉടമക്ക് നൽകിയാൽ മതിയെന്നാണ് നിയമജ്ഞർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.