ചെറുവള്ളി എസ്റ്റേറ്റ് സർക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: വിമാനത്താവള നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സ ർക്കാറിനുമേൽ സമ്മർദം. ഹാരിസൺസ് കേസിലെ സുപ്രീം കോടതിവിധി സർക്കാറിന് തിരിച്ചടിയായതോടെയാണ് കെ.പി. യോഹന്നാെൻറ ബിലീവേഴ്സ് ചര്‍ച്ച് അധികൃതര്‍ സർക്കാറിനെ സമീപിച്ചത്. ഭൂമിക്ക് പൊന്നുംവില നൽകി സർക്കാറിനെക്കൊണ്ട് ഏറ്റെടുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസൺസിനോ കെ.പി. യോഹന്നാനോ ഇതുവരെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ സ്ഥാപിച്ചാലും ഭൂപരിഷ്കരണ നിയമം അനുസരിച്ച് സർക്കാറിന് മിച്ചഭൂമി ഏറ്റെടുക്കാമെന്നാണ് റവന്യൂ വകുപ്പിെൻറ നിലപാട്.
ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കറാണ്. ബാക്കി മിച്ചഭൂമിയായി ഏറ്റെടുക്കാവുന്നതാണ്. ഇവർക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമിയുണ്ടെങ്കിൽ അതുകൂടി കണക്കാക്കിയേ മിച്ചഭൂമി നിശ്ചയിക്കാനാകൂ. ഭൂപരിഷ്കരണ നിയമത്തിൽ തോട്ടങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഇളവ് അനുവദിച്ചത് ഭൂമി തരംമാറ്റുന്നതിനല്ല. തരംമാറ്റിയാൽ ഇളവ് ലഭിക്കില്ല.
തോട്ടം വിമാനത്താവള നിർമാണത്തിന് വിട്ടുകൊടുക്കാൻ തീരുമാനിക്കുന്ന നിമിഷം നിയമത്തിലെ വകുപ്പ് 87 പ്രകാരം അത് മിച്ചഭൂമിയാകും. അതിന് തോട്ടത്തിനുള്ള ഇളവ് ലഭിക്കില്ല. മിച്ചഭൂമിക്ക് സർക്കാർ നൽകുന്നത് നഷ്ടപ്രതിഫലമാണ്. ഭൂപരിഷ്കരണ നിയമ പ്രകാരം ഒരു തുണ്ടു ഭൂമി പോലും അധികമായി കൈവശം വെക്കാൻ കഴിയില്ല.
സുപ്രീംകോടതി വിധിയിലും ഭൂമി ഹാരിസേൻറതാണെന്ന് പറഞ്ഞിട്ടില്ല. ഭൂമിക്കുമേൽ അവകാശവാദം മാത്രമാണ് ഹാരിസൺസ് ഉന്നയിച്ചത്. അതിൽ സിവിൽ കോടതി തീരുമാനിക്കട്ടേയെന്നായിരുന്നു കോടതിവിധി. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ വ്യക്തമാക്കിയത് സെറ്റില്‍മെൻറ് രജിസ്റ്ററിെൻറ അടിസ്ഥാനത്തിലായിരുന്നു. അതിനാലാണ് 2015 മേയ് 28ന് ഭൂമി ഏറ്റെടുക്കാന്‍ സ്പെഷല്‍ ഓഫിസർ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.