ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന് സംസ്ഥാന സർക്കാർ. ചെറുവള്ളി എസ്റ്റേറ്റ് സർക്കാറിന്‍റേതാണെന്ന് സെറ്റിൽമെന്‍റ് രജിസ്റ്ററിലുണ്ട്. എന്നാൽ, സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാർഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കിലെ ചെറുവള്ളിയിൽ നിർമിക്കാൻ മന്ത്രിസഭാ നേരത്തെ തീരുമാനിച്ചിരുന്നു. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം നിർമിക്കാന്‍ തീരുമാനിച്ചത്.
രണ്ട് ദേശീയപാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് 2263 ഏക്കറുള്ള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്നും ശബരിമലയിലേക്ക് 48 കിലോ മീറ്ററും കൊച്ചിയില്‍ നിന്ന് 113 കിലോ മീറ്ററുമാണ് ദൂരം. ഹാരിസണ്‍ പ്ലാന്‍റേഷന്‍ വിറ്റ ചെറുവളളി എസ്റ്റേറ്റ് നിലവിൽ കെ.പി യോഹന്നാന്‍റെ മേൽനോട്ടത്തിലുള്ള ബിലീവേഴ്സ് ചർച്ചിന്‍റെ ഉടമസ്ഥതയിലാണ്. ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.