ചെറുവത്തൂരിന് നഷ്ടമായത് പ്രിയങ്കരനായ കുഞ്ഞിരാമേട്ടനെ
text_fieldsചെറുവത്തൂർ: ഏതാവശ്യത്തിനും വിളിപ്പുറത്ത് ഓടിയെത്തിയ പ്രിയപ്പെട്ട വീട്ടുകാരനെയാണ് കെ. കുഞ്ഞിരാമന്റെ മരണത്തിലൂടെ ചെറുവത്തൂരിന് നഷ്ടമായത്. 10 വർഷം തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്തപ്പോഴാണ് വികസനമെന്തെന്ന് ഓരോ ഗ്രാമവും അനുഭവിച്ചത്. എം.എൽ.എ പദവിക്ക് ശേഷവും എന്താവശ്യങ്ങൾക്കും ഓടിയെത്തുന്ന പ്രകൃതക്കാരനായിരുന്നു കെ. കുഞ്ഞിരാമൻ. സ്വദേശമായ കാരി നിവാസികൾക്ക് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ നേരിട്ടുകാണാനും അദ്ദേഹത്തിന്റെ സ്വരമാധുര്യം ആസ്വദിക്കാനും കുഞ്ഞിരാമന്റെ ഇടപെടലിലൂടെ സാധിച്ചു. കാരിയിൽ ശ്രീകുമാർ ക്ലബിന്റെ വാർഷികത്തിന് ക്ഷണിച്ചുകൊണ്ടായിരുന്നു ഇത്.
വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് സി.പി.എമ്മിന്റെ ഉന്നത ശ്രേണിയിലേക്കുയർന്ന, കാരിയിൽ ദേശത്തിന്റെ എല്ലാമെല്ലാമായ രാഷ്ട്രീയക്കാരനായിരുന്നു കെ. കുഞ്ഞിരാമൻ. തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നതവിജയം നേടിയിട്ടും തന്റെ വഴി, പഠിപ്പിച്ച മരുന്നുകളല്ല, സമൂഹത്തിന്റെ വേദനയകറ്റാൻ മാർക്സിസമാണ് ഏറ്റവും നല്ല മരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. സാഹിത്യ സമാജ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ പേടിച്ച് സ്കൂളിൽ പോകാതിരുന്ന പ്രൈമറി ക്ലാസുകാരൻ പിന്നീട് മികച്ച പ്രസംഗകനായി എന്നതാണ് ചരിത്രം. ഗ്രാമത്തിലെ വയലിലെ കളിമൈതാനത്ത് ഫുട്ബാൾ കളിച്ചുവളർന്ന കുഞ്ഞിരാമേട്ടൻ ഫുട്ബാൾ കമ്പം ജീവിതത്തോടൊപ്പം കൊണ്ടുനടന്നയാളാണ്. ടെലിവിഷൻ നാട്ടിൻപുറത്ത് വിരളമായ 1982 കാലഘട്ടത്തിൽ ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ വളരെ ദൂരെയുള്ള വീടുകളിൽ ഒത്തുകൂടാറുള്ളത് നാട്ടുകാർ ഓർത്തെടുക്കുന്നു. പഴയകാലത്ത് നാട്ടിൽ അരങ്ങേറാറുള്ള പല നാടകത്തിലും അഭിനേതാവായി തിളങ്ങി നാട്ടുകാരെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു. തീരെ ഗതാഗതസൗകര്യമില്ലാത്ത കാരിയിൽ പ്രദേശത്ത് നടവഴി എന്നനിലയിൽ കാരിയിൽ സ്കൂൾ മുതൽ മയ്യിച്ചവരെ നടപ്പാത നിർമിച്ചത് ഇദ്ദേഹം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ്. പിൽക്കാലത്ത് കാരിയിലേക്ക് ഗതാഗത സൗകര്യത്തിന്റെ സുപ്രധാന കാൽവെപ്പായ കണ്ണങ്കൈ പാലം നിർമാണത്തിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും അത് യാഥാർഥ്യമാകാൻ പരിശ്രമിക്കുകയും ചെയ്തു. വാക്കിലും നോക്കിലും പ്രവർത്തനവഴികളിലും അടിമുടി കമ്യൂണിസ്റ്റായ മനുഷ്യസ്നേഹിയെയാണ് ചെറുവത്തൂരിനും നാട്ടുകാർക്കും നഷ്ടമാകുന്നത്.
അനുശോചിച്ചു
കാസർകോട്: സി.പി.എം മുൻ ജില്ല സെക്രട്ടറിമാരായ കെ. കുഞ്ഞിരാമൻ, എ.കെ. നാരായണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ ഐ.എൻ.എൽ (വഹാബ് വിഭാഗം) ജില്ല കമ്മിറ്റി അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന നേതാക്കളുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്നും നേതാക്കളായ ഇക്ബാൽ മാളിക, എം.എ. കുഞ്ഞബ്ദുല്ല, സാലിം ബേക്കൽ, എ.കെ. കമ്പാർ എന്നിവർ അഭിപ്രായപ്പെട്ടു.
ചെറുവത്തൂർ: സി.പി.എം കാസർകോട് മുൻ ജില്ല സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചിച്ചു. എം.എൽ.എമാരായായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.കെ. ശ്രീമതി, പി. ജയരാജൻ, എം.വി. ജയരാജൻ, എം.വി. ബാലകൃഷ്ണൻ, ടി.വി. രാജേഷ്, സി.പി. ബാബു, വി.കെ. ഹനീഫ ഹാജി തുടങ്ങി നിരവധിപേർ കെ. കുഞ്ഞിരാമന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ എത്തി.
നഷ്ടമായത് ജനകീയ പൊതുപ്രവർത്തകനെ–രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: മുൻ തൃക്കരിപ്പൂർ എം.എൽ.എയും സി.പി.എം സമുന്നത നേതാവുമായിരുന്ന കെ. കുഞ്ഞിരാമന്റെ വിയോഗം നാടിനും പ്രത്യേകിച്ച്, സാധാരണ ജനവിഭാഗത്തിനും തീരാനഷ്ടമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും നാടിന്റെയും കുടുംബത്തിന്റയും ദുഃഖത്തിൽ പങ്കുചേരുന്നതായും രാജ്മോഹൻ ഉണ്ണിത്താൽ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.