കാലിക്കറ്റിൽ വീണ്ടും 'ഇഷ്ടനിയമനം'
text_fieldsകോഴിക്കോട്: സിൻഡിക്കേറ്റ് തീരുമാനിക്കാതെയും വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെയും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ സ്വന്തം നിലയിൽ നിയമനം നടത്തിയതായി പരാതി. വയനാട് ചെതലയം ഗോത്രവർഗ (ഐ.ടി.എസ്.ആർ) ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് ഡയറക്ടറെ നിയമിച്ച ഉത്തരവാണ് വിവാദമാകുന്നത്. സർവകലാശാലയിലെ വിദ്യാർഥിക്ഷേമ വിഭാഗം ഡീനായി കഴിഞ്ഞവർഷം വിരമിച്ച പി.വി. വത്സരാജിനെയാണ് അസി. ഡയറക്ടർ പദവിയിലേക്ക് നിയമിച്ചത്. എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ളതാണ് നിയമനം. ഐ.ടി.എസ്.ആറിൽ നിലവിലെ ഡയറക്ടർക്ക് കൈകാര്യം ചെയ്യാവുന്ന പ്രവർത്തനങ്ങൾമാത്രമാണുള്ളത്. അതിനിടയിലാണ് രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പുതിയ നിയമനം നടത്തുന്നത്.
ചില അപ്രിയ സംഭവങ്ങളുണ്ടായതിനാൽ ഐ.ടി.എസ്.ആറിലെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് അസി.ഡയറക്ടറെ നിയമിക്കുന്നതെന്ന് വി.സിയുടെ ഉത്തരവിൽ പറയുന്നു.
താൽക്കാലികമായാണ് നിയമനം. 2019 മുതൽ എജുക്കേഷൻ പഠന വകുപ്പിലെ അസി. പ്രഫസറായ ഡോ. ടി. വസുമതിയാണ് ഐ.ടി.എസ്.ആർ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. ഇനി ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും ക്ലാസുകളുടെയും പരീക്ഷകളുടെയും നടത്തിപ്പും വിദ്യാർഥികളുടെ ക്ഷേമവും അസി.ഡയറക്ടറാകും കൈകാര്യം ചെയ്യുക. മേൽനോട്ട ചുമതല എന്ന ഓമനപ്പേരിൽ ഡയറക്ടറെ മൂലക്കിരുത്താനാണ് നീക്കം.
നിലവിൽ അസി.ഡയറക്ടറുടെ പദവി ഇവിടെയില്ല. സർക്കാറിന്റെ അനുമതി വാങ്ങലടക്കം ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. ഭൂരിപക്ഷവും പെൺകുട്ടികൾ പഠിക്കുന്ന ഐ.ടി.എസ്.ആറിൽ സഹായിയെ വേണമെന്ന് ഡയറക്ടർ ആവശ്യപ്പെട്ടിട്ടില്ല. 60 വയസ്സിന് മുകളിലുള്ളവരെ അധ്യാപനേതര ജോലിക്ക് നിയമിക്കേണ്ടതില്ലെന്ന സിൻഡിക്കേറ്റ് തീരുമാനത്തിനും ഈ നിയമനം എതിരാണ്.
നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.