ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് ആർ.എസ്.എസുകാർ അറസ്റ്റിൽ
text_fieldsമാവേലിക്കര: ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര കിഴക്ക് മേഖല സെക്രട്ടറിയെ കൊലപ്പെടുത്താൻ ശ്രമം. സംഘർഷത്തിൽ മൂന്ന് ആർ.എസ്.എസുകാർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ചതിന് പിന്നാലെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണവും ഉണ്ടായി.
ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. ശനിയാഴ്‌ച വൈകിട്ട് ആറിന് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജങ്ഷനിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വനിത ജോലിക്കാരുമായി കാറിൽ മടങ്ങുകയായിരുന്നു. രണ്ടു ബൈക്കുകളിലെത്തിയ നാലുപേരാണ് കാർ തടഞ്ഞു നിർത്തിയതെന്ന് ഗോകുൽ പറഞ്ഞു.
ഇവർ കാറിനെ പിന്തുടർന്ന് വന്ന ശേഷം കാറിനെ മറികടന്ന് മുന്നിൽ എത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ തുഷാർ, വിഷ്ണു, അഖിൽ (ചുണ്ടൻ), കണ്ടാൽ അറിയാവുന്ന ഒരാൾ എന്നിവരാണ് ആക്രമിച്ചതെന്നും ഗോകുൽ പറഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ച ശേഷം കത്തി കൊണ്ട് കഴുത്തിന് നേരേ കുത്തി. കാറിന്‍റെ ഡ്രൈവിങ് സീറ്റിലിരുന്ന ഗോകുൽ ഇടതു കൈ കൊണ്ട് തടഞ്ഞു. കൈക്ക് മുറിവേറ്റു. കണ്ണിനും പരിക്കുപറ്റി. തലയിൽ ഇടിച്ചു.
ഒപ്പമുണ്ടായിരുന്ന വനിത ജോലിക്കാരി നിലവിളിച്ചപ്പോൾ പ്രതികൾ കടന്നു കളഞ്ഞു. പോകുവഴി, "നിന്നെ എപ്പോഴെങ്കിലും ഞങ്ങൾ കൊല്ലും" എന്ന് ഇവർ ഭീഷണി മുഴക്കിയെന്നും ഗോകുൽ പറഞ്ഞു. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ഗോകുൽ.
തൊട്ടുപിന്നാലെ രാത്രി 8.30ഓടെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ബി.ജെ.പി ചെട്ടികുളങ്ങര മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ മുഴുവൻ ഉടൻ പിടികൂടണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.
photo: ആക്രമണത്തിൽ പരിക്കേറ്റ ഗോകുൽ കായംകുളം താലൂക്ക് ആശുപത്രിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.