ചേവായൂർ സഹകരണ ബാങ്ക്: ഭരണസമിതിക്ക് നയപര തീരുമാനമെടുക്കുന്നതിൽ വിലക്കില്ല
text_fieldsകൊച്ചി: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയെ നയപരമായ തീരുമാനമെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന ആവശ്യം അനുവദിക്കാതെ ഹൈകോടതി.
വ്യാപക ക്രമക്കേട് അരങ്ങേറിയതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതടക്കം ആവശ്യമുന്നയിച്ച് നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി തീർപ്പാകുംവരെ നയപരമായ തീരുമാനമെടുക്കുന്നത് തടയണമെന്നായിരുന്നു 11 കോൺഗ്രസ് സ്ഥാനാർഥികളുടെയും ഇടക്കാല ആവശ്യം. അതേസമയം, ഹരജിയിൽ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനടക്കം എതിർകക്ഷികളോട് വിശദീകരണം തേടി.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും ഇതിന്‍റെ ഭാഗമായി ഭയാനകാന്തരീക്ഷം സൃഷ്ടിച്ചെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ് പാനലിലുള്ള സ്ഥാനാർഥികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ഹരജിയിൽ ആരോപിച്ചു. എന്നാൽ, സർക്കാറിനെ ഹരജിയിൽ കക്ഷി ചേർക്കാതിരുന്നത് എന്തെന്ന് കോടതി ആരാഞ്ഞു. തുടർന്ന് എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.