ഭർത്താവും ഭർതൃമാതാവും തട്ടിയെടുത്ത കുഞ്ഞിന് പോറ്റമ്മയായത് പൊലീസുകാരി രമ്യ
text_fieldsകോഴിക്കോട്: യുവതിയിൽനിന്ന് ഭർത്താവും ഭർതൃ മാതാവും തട്ടിക്കൊണ്ടുപോയ 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വൻവാർത്തയായിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിലായ പ്രതികളിൽനിന്ന് കുഞ്ഞിനെ കണ്ടെത്തുമ്പോൾ വാടിത്തളർന്ന നിലയിലായിരുന്നു. ബത്തേരിയിൽനിന്നും കോഴിക്കോട്ടെ ചേവായൂരിൽ കാത്തിരുന്ന മാതാവിന്‍റെ അടുത്തേക്ക് എത്തിക്കുന്നത് വരെ കുഞ്ഞിന് പോറ്റമ്മയായത് രമ്യ എന്ന പൊലീസുകാരിയാണ്.
കുഞ്ഞിന്റെ പരിചരണമുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവായ മങ്കട സ്വദേശി ആഷിഖയുമായി പിതാവ് ആദിൽ ഹാരിസും ഭർതൃ മാതാവ് സാക്കിറയും കലഹിച്ചിരുന്നു. യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകാൻ തുടങ്ങിയതറിഞ്ഞതോടെ ആദിൽ ഹാരിസും സാക്കിറയും ആഷിഖ കാണാതെ കുഞ്ഞിനെയും എടുത്ത് ചേവായൂരിലെ വീട്ടിൽനിന്നും കളന്നുകളയുകയായിരുന്നു. ആഷിഖ ഉടൻ ചോവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് പരിശോധനയിൽ പ്രതികളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭർത്താവിന് ജോലി ബംഗളൂരുവിലാണെന്ന് ആഷിഖ പറഞ്ഞതോടെ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കി. ഒടുവിൽ, ബത്തേരി പൊലീസിന്‍റെ വാഹനപരിശോധനയിൽ കുഞ്ഞിനെ വൈകുന്നേരത്തോടെ കണ്ടെത്തുകയായിരുന്നു.
മണിക്കൂറുകളോളം മാതാവിനെ പിരിഞ്ഞിരുന്ന കുഞ്ഞ് അവശനിലയിലായിരുന്നു. പൊലീസ് ആദ്യം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടുള്ള മാതാവിന്‍റെ അടുത്തെത്തിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ തിരഞ്ഞിറങ്ങി പൊലീസ് സംഘത്തിൽ രമ്യയും ഉണ്ടായിരുന്നു. ഒരു വയസ്സുള്ള ഇളയമകളുള്ള രമ്യ, ബത്തേരി മുതൽ ചേവായൂരിൽ കുഞ്ഞിനെ സ്വന്തം മാതാവിന്‍റെ അടുത്തെത്തിക്കുന്നതു വരെ ആ കൺമണിയുടെ പോറ്റമ്മയായി.
ചേവായൂർ സ്റ്റേഷനിലെ പൊലീസുകാരിയായ രമ്യ പയ്യോളി ചിങ്ങപുരം സ്വദേശിനിയാണ്. നാലു വർഷമായി പൊലീസ് സേനയിൽ ചേർന്നിട്ട്. അഞ്ചു മാസമായി ചേവായൂർ സ്റ്റേഷനിൽ എത്തിയിട്ട്. ഭർത്താവ് അശ്വന്ത് അധ്യാപകനാണ്. രണ്ടു മക്കളുണ്ട്.
ആഷിഖയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.