മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനുള്ള കോഴിയെ വിഴുങ്ങിയയാൾ മരിച്ചു
text_fieldsഅംബികാപൂർ: കുട്ടിയുണ്ടാകാൻ മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനുള്ള കോഴിയെ വിഴുങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു. ഛത്തീസ്ഗഡ് ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന 35 കാരനാണ് ദാരുണമായി മരിച്ചത്. പിതാവാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ ഇദ്ദേഹം മന്ത്രവാദ ചികിത്സയിൽ അഭയംപ്രാപിച്ചതായി ഗ്രാമവാസികൾ പറഞ്ഞു.
കുളികഴിഞ്ഞ് തിരിച്ചെത്തിയ ആനന്ദ് യാദവ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായും തുടർന്ന് അംബികാപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മരണകാരണം ആദ്യം ഡോക്ടർമാർക്ക് അവ്യക്തമായിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിൽ തൊണ്ടയ്ക്ക് സമീപം പരിശോധിച്ചപ്പോഴാണ് കോഴിക്കുഞ്ഞ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ഏകദേശം 20 സെന്റീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ കുടുങ്ങിയതായും ശ്വാസംമുട്ടലാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സന്തു ബാഗ് വെളിപ്പെടുത്തി. 15,000ത്തിലധികം പോസ്റ്റ്‌മോർട്ടം നടത്തിയ താൻ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു കേസ് അഭിമുഖീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ മന്ത്രവാദിയുമായി സമ്പർക്കം പുലർത്തിയിരുന്ന ആനന്ദിനെ അന്ധവിശ്വാസങ്ങൾ സ്വാധീനിച്ചിരിക്കാമെന്ന് ഗ്രാമവാസികൾ പറഞ്ഞു. വന്ധ്യത ചികിത്സക്ക് വേണ്ടിയാണ് ആചാരത്തിന്റെ ഭാഗമായി ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നും ഇവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.