ഇറച്ചിക്കോഴിക്ക് ക്ഷാമം; കേരളത്തിൽനിന്ന് കോഴികൾ തമിഴ്നാട്ടിലേക്ക്
text_fieldsപുനലൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തമിഴ്നാട്ടിൽ ഇറച്ചിക്കോഴിക്ക് കടുത്തക്ഷാമം. ഇത് പരിഹരിക്കാൻ കേരളത്തിൽനിന്ന് ധാരാളമായി കോഴികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു.മൂന്നു ദിവസങ്ങളിലായി പതിനായിരത്തിലധികം ഇറച്ചിക്കോഴികളെ ആര്യങ്കാവ് ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ കോഴിയുടെ വിലയും ഉയരുകയാണ്. ശരാശരി കിലോക്ക് 60 രൂപവരെ വിലയുണ്ടായിരുന്നത് നൂറിന് മുകളിലെത്തി.
സാധാരണനിലയിൽ തമിഴ്നാട്ടിൽനിന്നും ദിവസവും ആയിരക്കണക്കിന് ഇറച്ചിക്കോഴികളെ കേരളത്തിലേക്ക് കൊണ്ടുവരാറാണ് പതിവ്. തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന ഇറച്ചിക്കോഴിയുടെ പ്രധാനവിപണിയും കേരളമായിരുന്നു. എന്നാൽ, കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ കാരണം തമിഴ്നാട്ടിലെ പ്രധാന കോഴിവളർത്തൽ കേന്ദ്രമായ നാമക്കൽ, ദിണ്ഡുഗൽ, കോയമ്പത്തൂർ, സേലം അടക്കം പ്രദേശങ്ങളിൽ കോഴി ഫാമുകളുടെയെല്ലാം പ്രവർത്തനം തടസ്സപ്പെട്ടു.
ഇതുകാരണം ആവശ്യത്തിന് കോഴികളെ വിരിയിച്ചിറക്കാൻ കഴിയാതെ വന്നതോടെ മറ്റിടങ്ങളിലേക്കും കോഴികളെ എത്തിക്കാൻ കഴിയാതെ ഫാമുകളും വ്യാപാരികളും പ്രതിസന്ധിയിലായി. എന്നാൽ, കേരളത്തിൽ പലയിടത്തും തമിഴ്നാട്ടിലെ ഫാമുകളുടെയും മറ്റും നേതൃത്വത്തിൽ കോഴി ഫാമുകളുണ്ട്. ദിവസങ്ങൾ പ്രായമായ കുഞ്ഞിനെ ഇറക്കി തീറ്റയുൾപ്പെടെ നൽകി പ്രദേശവാസികളെ കാവൽചുമതല ഏൽപിച്ചാണ് പ്രാദേശികമായി വളർത്തുന്നത്. ഇങ്ങനെ വളർത്തിയെടുക്കുന്ന ഇറച്ചിക്കോഴികളെ ഇവിടെ തന്നെ വിൽക്കുകയാണ് പതിവ്.
ഇവിടെ ചെറിയ ഫാമുകളായി പലയിടത്തും ഉള്ളതിനാൽ കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. ഇറച്ചിക്കോഴി വളർത്തലിന് തടസ്സം നേരിട്ടില്ല. ഇതുകാരണം ഇവിടുള്ള ഓരോ ഫാമുകളിലും ഇപ്പോൾ ആവശ്യത്തിന് കോഴികളുണ്ട്.ഇവയാണ് ഇപ്പോൾ തമിഴ്നാട്ടിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഇങ്ങനെ കോഴികളെ കൊണ്ടുപോകുന്നത് കേരള വിപണിയിൽ വില കൂടാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.
ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്നത് തടഞ്ഞു
പുനലൂർ: കേരളത്തിൽനിന്നും തമിഴ്നാട്ടിക്ക് ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്നത് രണ്ടിടത്ത് തടഞ്ഞു. തെന്മല മൃഗസംരക്ഷണ ചെക്പോസ്റ്റിലും തമിഴ്നാട്ടിൽ പുളിയറയിൽ പൊലീസുമാണ് തടഞ്ഞത്. കുളത്തുപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽനിന്നും രണ്ടുലോഡുകളിലായി നാലായിരത്തോളം കോഴികളെ ശനിയാഴ്ച ഉച്ചയോടെ കൊണ്ടുവന്നിരുന്നു. തമിഴ്നാട്ടിലേക്ക് ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണമിെല്ലങ്കിലും മൃഗസംരക്ഷണ ചെക്പോസ്റ്റിൽ ഇത് രേഖപ്പെടുത്തണമെന്നാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ടുപോയ കോഴികളുടെ കണക്ക് ചെക്പോസ്റ്റിൽ വണ്ടിനിർത്താതെ പോയതിനാൽ രേഖപ്പെടുത്താനായില്ല. ഇന്നലെ വന്ന ലോഡുകളും ഇത്തരത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചതോടെ ചെക്പോസ്റ്റ് അധികൃതർ വണ്ടി തടയുകയായിരുന്നു.
കോഴികളുടെ എണ്ണവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. എന്നാൽ മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താലാണ് പുളിയറയിൽ പൊലീസ് തടഞ്ഞത്. കോഴികൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും ഭക്ഷ്യയോഗ്യമാെണന്നും സർക്കാർ മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ ഇരുഭാഗത്തേയും അതിർത്തിയിൽ കടത്തിവിടുകയുള്ളൂ. പുളിയറയിൽ തടഞ്ഞ ലോഡുകൾ ശനിയാഴ്ച വൈകുന്നതുവരേയും കടത്തിവിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.