പറന്നുയർന്ന് കോഴിവില; വില ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാർ
text_fieldsതൃശൂർ: സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. രണ്ടുമാസം മുമ്പുവരെ 98 രൂപയിൽ നിന്നിരുന്ന വില തിങ്കളാഴ്ച164ൽ എത്തി. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു വില. എക്കാലത്തെയും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നു.
97 രൂപയുണ്ടായിരുന്ന കോഴി ഉൽപാദന ചെലവ് ഇപ്പോൾ 103 രൂപ വരെ എത്തി. ഇത് കേരളത്തിലെ ചെറുകിട കർഷകർ കോഴി വളർത്തലിൽനിന്ന് പിന്മാറാൻ ഇടയാക്കി. കിലോക്ക് 30- 35 രൂപ വിലയുണ്ടായിരുന്ന, യുക്രെയ്നിൽനിന്നെത്തിയിരുന്ന സോയ പിണ്ണാക്കിന് യുദ്ധ പശ്ചാത്തലത്തിൽ 75 രൂപ വരെയായി. വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അമിനോ ആസിഡുകൾക്കും വില കുത്തനെ കൂടി.
തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കോഴിത്തീറ്റക്ക് സബ്സിഡി അനുവദിക്കണമെന്നും കേരള ചിക്കന് നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ മുഴുവൻ കോഴികർഷകർക്കും അനുവദിച്ച് വില നിയന്ത്രിക്കാൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്നും കേരള പൗൾട്രിഫാം സംസ്ഥാന രക്ഷാധികാരി ബിന്നി ഇമ്മട്ടി ആവശ്യപ്പെടുന്നു. കോഴിവില ഉയർന്ന സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.