കോഴിയിറച്ചി: ഇന്നലെയും വിറ്റത് 140ന് ഇന്ന് 87ന് ലഭിക്കില്ല
text_fieldsതിരുവനന്തപുരം: കോഴിവില സംബന്ധിച്ച് കച്ചവടക്കാരും ധനമന്ത്രിയും തമ്മിൽ പോര് മുറുകുേമ്പാഴും ഞായറാഴ്ച വിൽപന നടന്നത് 135 മുതൽ 140 രൂപക്ക് തന്നെ. ചിലയിടങ്ങളിൽ 125 മുതൽ 130 രൂപ വരെ നിരക്കിലും. തിങ്കളാഴ്ച മുതൽ കോഴിയിറച്ചി 87 രൂപക്ക് വിൽപന നടത്തണമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാവില്ല. സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ കോഴി വിതരണംചെയ്യാനാകില്ലെന്ന് പറഞ്ഞ കോഴി വ്യാപാരികൾ തിങ്കളാഴ്ച മുതൽ കടകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികൾ കട അടച്ചിട്ടാൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന കോഴിവിലയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, തമിഴ്നാട്ടിൽ ഉൽപാദനം കുറച്ചത് കാരണം കേരളത്തിലെ ഫാമുകൾ തേടി തമിഴ്നാട് ലോബികൾ എത്തുകയാണ്. ഇതിനകം ഒരുലക്ഷത്തോളം കോഴികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതായാണ് വിവരം.
ധനമന്ത്രി പ്രഖ്യാപിച്ച 87 രൂപ നിരക്കിൽ സർക്കാർ സംവിധാനമായ കെപ്കോ ഇറച്ചിക്കോഴി വിൽപന നടത്തുന്നില്ലെന്ന് കോഴി വ്യാപാരികളുടെ സംഘടനകൾ ആരോപിച്ചു. തൊലികളഞ്ഞ കോഴി ഇറച്ചി 153 രൂപ നിരക്കിലാണ് കെപ്കോ വിൽപന നടത്തുന്നത്. ഇറച്ചിക്കോഴി വിൽപനയായി കണക്കാക്കിയാൽ ഇത് 100-105 രൂപയെങ്കിലുമായി ഉയരുമെന്നും വ്യാപാരികൾ പറയുന്നു. ജൂണ് 30ന് 171രൂപ വിലയുണ്ടായിരുന്ന ഫ്രഷ് ചിക്കൻ ഇപ്പോൾ 153 രൂപക്കാണ് വിതരണം നടത്തുന്നതെന്നാണ് കെപ്കോ പറയുന്നത്. 14.5 ശതമാനം നികുതിയുണ്ടായിരുന്ന കോഴിക്ക് ജി.എസ്.ടി വന്നപ്പോൾ നികുതി ഇല്ലാതായതോടെ വിലയിൽ 18 രൂപയുടെ വരെ കുറഞ്ഞിട്ടുണ്ടെന്നും അവർ അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തുന്ന ഇറച്ചിക്കോഴിയുടെ അടിസ്ഥാനവില വർഷങ്ങളായി കണക്കാക്കുന്നത് 103 രൂപ നിരക്കിലാണ്. എന്നാൽ, പലപ്പോഴും 110-130 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്.
103 രൂപ കണക്കാക്കി 14.5 ശതമാനം നികുതി അടച്ചിരുന്നവർ നികുതി ഇല്ലാതായാൽ 86 രൂപക്ക് വിൽപന നടത്തേണ്ടതുണ്ട്. ഇതിലും ഒരുരൂപ കൂട്ടിയാണ് ധനമന്ത്രി വില കണക്കാക്കിയത്. അല്ലെങ്കിൽ ഇത്രയുംകാലം ഇത്രയുംതുകയുടെ നികുതി കോഴിവ്യാപാരികൾ വെട്ടിച്ചിരുന്നതായി കണക്കാക്കേണ്ടിവരും. ജി.എസ്.ടി നിലവിൽവന്ന ജൂൈല ഒന്നിന് 120 രൂപ വിലയുണ്ടായിരുന്ന കോഴിക്ക് കഴിഞ്ഞദിവസങ്ങളിലായി വില വർധിപ്പിച്ച് 140 രൂപ വരെയാക്കി ഉയർത്തി. ഇതാണ് സർക്കാറിനെ പ്രകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.