കേസ് ഏതു ബെഞ്ചിലെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നത് ജനാധിപത്യവിരുദ്ധം -പ്രശാന്ത് ഭൂഷൺ
text_fieldsകോഴിക്കോട്: കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. ഇത് ശരിയായ നടപടിയല്ല. ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് മുതിർന്ന ജഡ്ജിമാര് കൂടി ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ച് ഇക്കാര്യം തീരുമാനിക്കാത്തപക്ഷം ചില സ്ഥാപിത താൽപര്യങ്ങൾ ഇതിലേക്ക് കടന്നുവരും. നേരത്തെ സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ വാർത്തസമ്മേളനം വിളിച്ച് വിമർശനമുന്നയിച്ചതും ഇക്കാര്യമാണ് -അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ 'ഇന്ത്യൻ ജുഡീഷ്യറി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരെ നിയമിക്കുന്നതിലെ സർക്കാർ ഇടപെടലടക്കം ജുഡീഷ്യറി വെല്ലുവിളി നേരിടുന്നു. കൊളീജിയം 10 പേരെ ശിപാർശ ചെയ്താൽ സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള മൂന്നുപേരെ നിയമിച്ച് ബാക്കിയുള്ളവരുടെ കാര്യത്തിൽ അനാവശ്യ കാലതാമസമുണ്ടാക്കുകയാണ്. ജുഡീഷ്യറി പൂർണമായും സ്വതന്ത്രമാവണം. വിരമിച്ചാൽ ലഭിക്കാനുള്ള പദവിക്കായി വിധികൾ പുറപ്പെടുവിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനും വിധികൾ പരിശോധിക്കുന്നതിനും സ്ഥിരം സംവിധാനം വേണം. ജുഡീഷ്യറിയുടെ പൂർണ പരിഷ്കരണത്തിന് ജനകീയ കാമ്പയിൻ ശക്തമാക്കണം. ഇതിൽ അഭിഭാഷകർക്കും റിട്ട. ജഡ്ജിമാർക്കും വലിയ ഉത്തരവാദിത്തമുണ്ട്.
ഭരിക്കുന്ന പാർട്ടി ഭരണഘടന സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കുകയാണ്. ചർച്ച കൂടാതെ രണ്ടും മൂന്നും മിനിട്ടുകൊണ്ടാണ് പാർലമെന്റ് പല നിയമങ്ങളും പാസാക്കുന്നത്. ജനങ്ങളുടെ മൗലികാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിലും ജുഡീഷ്യറിക്ക് ഉത്തരവാദിത്തമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെ പ്രതികരിച്ച ലക്ഷത്തോളം പേരെയാണ് ജയിലുകളിലടച്ചതെങ്കിൽ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ആക്ടിവിസ്റ്റുകളടക്കം അയ്യായിരത്തോളം പേരാണ് ജയിലിലുള്ളത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലായ്മചെയ്ത് മുസ്ലിം സമുദായത്തെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്. സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി അടക്കമുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും വർധിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുംമുമ്പ് ഭരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പ് തീയതി അറിയിക്കുന്നതിൽവരെയെത്തി കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എസ്. സജി അധ്യക്ഷതവഹിച്ചു. ജില്ല ജഡ്ജ് എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിജിലൻസ് കോടതി ജഡ്ജി ടി. മധുസൂദനൻ, ഗവ. പ്ലീഡർ എൻ.കെ. ജയകുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, അഡ്വ. ജ്യോതി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.