എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടില്ലേ? - തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മുഖ്യമന്ത്രി
text_fieldsകണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന വാർത്തയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിങ്ങൾ എന്ത് എഴുതിയാലും ജനങ്ങൾക്ക് വിവേചന ബുദ്ധിയുണ്ടെന്നും നന്നാവില്ല എന്നറിഞ്ഞുതന്നെയാണ് ഇതെല്ലാം പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. നവകേരള സദസ്സിന്റെ തുടർച്ചയായി കണ്ണൂരിൽ ആദിവാസി- ദലിത് വിഭാഗങ്ങളുമായി നടന്ന മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് കേരളത്തിലെ പട്ടിക-പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. അത് കുറേക്കൂടി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നാം ആർജിച്ച ഈ നേട്ടങ്ങളെ അട്ടിമറിക്കാനുള്ള ചില പ്രവണതകള്‍ പലയിടങ്ങളിലും തലപൊക്കുന്നത് ഗൗരവമായി നാം കണക്കിലെടുക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവുമെല്ലാം നമ്മുടെ പൊതുബോധത്തിലേക്ക് കുത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നു. ഇതിനെതിരെ കടുത്ത ജാഗ്രത നാം പാലിക്കണം.
2025 നകം ഭൂരഹിതരായ, ഭവനരഹിതരായ എല്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളതാണ് നമ്മുടെ പ്രഖ്യാപിത നയം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വിഭാഗക്കാര്‍ക്കായി 98,317 വീടുകളും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി 41,804 വീടുകളും ഉള്‍പ്പെടെ ആകെ 1,40,121 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വന ഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 8,278 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 4,138 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. സങ്കേതങ്ങള്‍ക്ക് പുറത്തുള്ള പട്ടികവര്‍ഗ്ഗക്കാരുടെ ഭവന നിര്‍മ്മാണ സഹായം 6 ലക്ഷമാക്കി ഉയര്‍ത്തിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും മുഖാമുഖത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.