ഗവർണറുടെ ക്രിസ്മസ് വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
text_fieldsതിരുവനന്തപുരം: വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും വിട്ടുനിന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മാത്രമാണ് പങ്കെടുത്തത്.
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ മതമേലധ്യക്ഷന്മാരടക്കം 400 പേരെ ക്ഷണിച്ചിരുന്നെങ്കിലും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഭൂരിഭാഗം എം.എൽ.എമാരും എം.പിമാരും ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. അതേസമയം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പ്രതിപക്ഷ എം.എൽ.എ ചാണ്ടി ഉമ്മന്‍റെ സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.
സൽക്കാരത്തിനായി നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് ഈ മാസം 13ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, സർക്കാറിന് അനഭിമതനായ മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാല വി.സിയായി പുനർനിയമനം നൽകിയത് സർക്കാറിനെ ചൊടിപ്പിച്ചു. വി.സി നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാലകളിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഗവർണറുടെ ക്രിസ്മസ് വിരുന്ന് ബഹിഷ്കരിച്ച് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഗവർണറുടെ റിപ്പബ്ലിക് ദിനത്തിലെ വിരുന്നും ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ രാജ്ഭവനിൽ ഒരുക്കിയ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു.
മതമേലധ്യക്ഷന്മാരായ സൂസപാക്യം, മാത്യുസ് മാർ സിൽവാനിയോസ്, സിറിൽ മാർ ബസേലിയോസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മോൺസിഞ്ഞോർ സി. ജോസഫ്, ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ.യുജിൻ പെരേര, സാങ്കേതിക സർവകലാശാല വി.സി ഡോ. സി. ശിവപ്രസാദ്, എം.ജി സർവകലാശാല വി.സി. ഡോ.സി.ടി. അരവിന്ദ് കുമാർ, ചീഫ് ഇൻഫർമേഷൻ കമീഷണർ ഹരി നായർ, കുസാറ്റ് വി.സി. ബുഷൈരി, കേരള സർവകലാശാല വി.സി മോഹൻ കുന്നുമ്മൽ, ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ജഗതി രാജ്, ഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസ്, രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.