മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോ. ഒന്നിന് യൂറോപ്പിലേക്ക്
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍ ഒന്നിന് യൂറോപ്പിലേക്ക്. ഫിന്‍ലന്‍ഡ്, നോർവെ, ഇംഗ്ലണ്ട്, ഫ്രാന്‍സ് രാജ്യങ്ങളിലേക്കാണ് പര്യടനം.
14 വരെയാണ് സന്ദർശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളവും ഫിന്‍ലൻഡും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ഫിനിഷ് വിദ്യാഭ്യാസ മാതൃക പഠിക്കാനുമാണ് താനും മന്ത്രി ശിവന്‍കുട്ടിയടക്കം ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.
നേരത്തെ കേരളം സന്ദർശിച്ച ഫിന്‍ലന്‍ഡ് പ്രതിനിധി സംഘത്തിന്‍റെ ക്ഷണപ്രകാരമാണ് ഇത്. അവിടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കും.
പ്രമുഖ മൊബൈല്‍ കമ്പനിയായ നോക്കിയയുടെ എക്സിക്യൂട്ടിവ് എസ്സ്പീരിയന്‍സ് സെന്‍ററും സന്ദർശിക്കും. സൈബര്‍ രംഗത്തെ സഹകരണത്തിനായി വിവിധ ഐ.ടി കമ്പനികളുമായും ചര്‍ച്ച നടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും കൂടിക്കാഴ്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാരിടൈം രംഗത്തെ സഹകരണം മെച്ചപ്പെടുത്തുകയാണ് നോർവെ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. നോര്‍വെ ഫിഷറീസ് പോളിസി മന്ത്രി ജോര്‍ണര്‍ സെല്‍നെസ് ഈ മേഖലയിലെ വാണിജ്യം വർധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് ക്ഷണിച്ചിട്ടുണ്ട്.
കേരളത്തില്‍ വർധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകളും പരിശോധിക്കും. ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന് അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. മൂന്നാം ലോക കേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ ഒരു പ്രാദേശികയോഗം സംഘടിപ്പിക്കുന്നുണ്ട്.
വ്യവസായമന്ത്രി പി. രാജീവ് നോർവെ, ഇംഗ്ലണ്ട് സന്ദര്‍ശനത്തിലുണ്ടാകും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ നോര്‍വയിലും ആരോഗ്യമന്ത്രി വീണ ജോർജ് ഇംഗ്ലണ്ട് സന്ദർശനത്തിലുമുണ്ടാകും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസിലേക്ക് പോകുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.