അജിത് കുമാറിനു വേണ്ടി മന്ത്രിസഭയിൽ വാദിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാവുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ ഉൾപ്പെടെ വിവാദങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ യോഗത്തിൽ വാദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശ അടങ്ങിയ ഫയൽ മുഖ്യമന്ത്രിയാണ് മന്ത്രിസഭയിൽ കൊണ്ടുവന്നത്.
എന്നാൽ, തൃശൂർ പൂരം കലക്കിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ അന്വേഷണം നേരിടുന്നയാളല്ലേ അജിത് കുമാറെന്ന് സി.പി.ഐ മന്ത്രിമാർ ചോദിച്ചു. മാനദണ്ഡമനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷയായ ഉന്നതാധികാര സമിതി ശിപാർശ ചെയ്തതാണ് പട്ടികയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തൃശൂർ പൂരം കലക്കൽ, ക്രമസമാധാന ചുമതലയിലെ വീഴ്ച, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിൽ ആഭ്യന്തര വകുപ്പിന്റെ ത്രിതല അന്വേഷണവും അനധികൃത സ്വത്ത് സമ്പാദത്തിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ സ്ഥാനക്കയറ്റം തടഞ്ഞുവെക്കാൻ കഴിയില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പരിശോധന സമിതി സ്വീകരിച്ചത്.
കോടതിയിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്ത് വിചാരണക്ക് കാത്തിരിക്കുകയാണെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്ത് സസ്പെൻഷനിൽ നിൽക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തിൽ നിന്ന് മാറ്റിനിർത്താൻ ചട്ടമുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി അജിത്തിനായി നിലകൊണ്ടതോടെ, സി.പി.ഐ മന്ത്രിമാർ പിൻവാങ്ങുകയും പട്ടികക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.