പ്രതികളെ പിടികൂടിയത് അന്വേഷണ മികവ്; പൊലീസിനെ കുറ്റപ്പെടുത്തുന്നത് അനാവശ്യ പ്രവണത -കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
text_fieldsകൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. പണം ആവശ്യപ്പെട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം നമ്മുടെ നാട്ടിലും ഉണ്ടായിരിക്കുന്നു. ചില സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെന്ന് വരില്ല. അപ്പോൾ പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രവണതയുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ നമുക്ക് പ്രതിഷേധം അറിയിക്കാൻ അവകാശമുണ്ട്. എന്നാൽ ഈ കേസിൽ അതിനുള്ള സമയം ആയിട്ടില്ല. അതിനു മുമ്പ് തന്നെ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ചിലർ പുറപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് യുക്തിബോധത്തിന് ചേരാത്ത പ്രതികരണമാണ് നടത്തിയത്. അതൊക്കെ രാഷ്ട്രീയ മുതലെടുപ്പായിട്ടേ കാണാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിൽ രാജ്യത്തു തന്നെ മുൻനിരയിലാണ് കേരള പൊലീസ്. ആലുവ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പൊലീസിന്റെ മികവാണ്. ചിലപ്പോൾ അന്വേഷണത്തിന് കുറച്ചധികം ദിവസങ്ങൾ എടുത്തു എന്നുവരാം. അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസിനു നേരെയുണ്ടാകുന്ന മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ല. കൊല്ലത്തെ സംഭവത്തിൽ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ സംയമനവും സൂക്ഷ്മതയും തുടരണം.
എ.കെ.ജി സെന്ററിനു നേരെ ആക്രമണമുണ്ടായപ്പോൾ പ്രതികളെ പിടികൂടാൻ താമസമുണ്ടായപ്പോൾ പൊലീസിനു നേരെ നിരവധി പ്രചാരണങ്ങളുണ്ടായി. ഇലന്തൂർ നരബലിക്കേസും മറ്റൊരുദാഹരണമാണ്. കൊല നടത്തി മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയതും കേരള പൊലീസിന്റെ മികവിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.