'കുത്തകാവകാശം നൽകാൻ നീക്കം'; വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയിൽ കുത്തകാവകാശം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിമർശിച്ചു.
ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിൻെറ ഹരജിയുണ്ട്. പക്ഷേ അതൊന്നും പരിഗണിക്കാതെ തന്നെ അദാനിക്ക് കൈമാറാനുള്ള നീക്കങ്ങൾ നടന്നു എന്നാണ് വാർത്തകളിൽ കാണുന്നത്. അതിനോട് സർക്കാറിന് യോജിപ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടിൽനിന്ന് കേന്ദ്രത്തെ പിന്തിരിപ്പിക്കുന്നതിന് സാധിക്കുന്നതെല്ലാം ചെയ്യും -മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല 50 വർഷത്തേക്ക് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറി ഇന്നലെ കരാർ ഒപ്പുവെച്ചിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതോടെ നടത്തിപ്പ് ചുമതല, വികസനം, പ്രവർത്തനം തുടങ്ങിയവ കമ്പനിയുടെ നേതൃത്വത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.