അദാനിയുടെ പേര് പറയാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അദാനിയുടെ പേര് പരാമർശിക്കാതെയും മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആവശ്യത്തോട് പ്രതികരിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയൻ.
നന്ദിപ്രമേയ ചർച്ചയിലാണ് അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കുപോലും സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ, എല്ലാ അംഗങ്ങളും ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി പക്ഷേ, ഇതിനെക്കുറിച്ചു മിണ്ടിയില്ല. സമാനമായിരുന്നു അദാനിയുടെ പേര് പറയാതെയുള്ള പരാമർശവും. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ കാലത്ത് സയാമീസ് ഇരട്ടകള്‍ പോലെയാണ് കേന്ദ്രവും ഒരു വ്യവസായ ഗ്രൂപ്പും എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഈ വ്യവസായ ഗ്രൂപ്പാണ് കേന്ദ്രത്തിന്‍റെ മണി പവര്‍. അതു തകരുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങളില്‍ മിക്കതിനെയും വിലയ്ക്കെടുത്തു. ശേഷിച്ച ചിലവയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കി. അപ്പോഴതാ വരുന്നു ഒരു അമേരിക്കന്‍ ഗവേഷണ സ്ഥാപനത്തിന്‍റെ വെളിപ്പെടുത്തല്‍.
ഓഹരിക്കമ്പോളത്തിലെ ആ ഗ്രൂപ്പിന്‍റെ വീഴ്ച കേന്ദ്രത്തിലെ അധികാരികളുടെ രാഷ്ട്രീയവീഴ്ചയുടെ തുടക്കമാണ്.
എം.എല്‍.എമാരെയടക്കം വിലയ്ക്കു വാങ്ങാനും സംസ്ഥാന ഭരണങ്ങള്‍ മാറ്റാനും പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിച്ചെടുക്കാനും പണമൊഴുക്കിയ സംവിധാനമാണ് തകരുന്നത്. ഇതു ഭരണത്തെ ബാധിക്കും. പല കൂട്ടുകച്ചവടങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.