പിണറായി യു.എ.പി.എയുടെ നടത്തിപ്പുകാരൻ –പി.ടി. തോമസ്; വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച –പി. രാജീവ്
text_fieldsകൊച്ചി: കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.ടി. തോമസ് എം.എൽ.എ. ചരിത്ര ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചയുണ്ടാവുമെന്ന് കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ്.
എറണാകുളം പ്രസ്ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
എട്ട് മാവോവാദികളെ വെടിവെച്ചുകൊന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കേരളത്തിൽ മറ്റൊരു മുഖ്യമന്ത്രിയും അങ്ങനെ ചെയ്തിട്ടില്ലെന്നും പി.ടി പറഞ്ഞു. യു.എ.പി.എ നിയമത്തിെൻറ സംസ്ഥാനത്തെ നടത്തിപ്പുകാരൻ മുഖ്യമന്ത്രിയാണ്. അതേസമയം, സംഘ്പരിവാറിനെതിരെ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. നേരേത്ത ഉദുമയിൽ കെ.ജി. മാരാരും കൂത്തുപറമ്പിൽ പിണറായിയും തമ്മിൽ നീക്കുപോക്ക് നടത്തിയപോലെ ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നീക്കുപോക്കിെൻറ അന്തർധാരയുണ്ട്.
എറണാകുളം യു.ഡി.എഫിന് മുൻതൂക്കമുള്ള ജില്ലയാണ്. അതിനാൽ ഈ തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടും. 14.5 കോടി പ്രളയ തട്ടിപ്പാണ് ഇവിടെ നടത്തിയത്. തട്ടിപ്പുകാർക്ക് സംരക്ഷണം നൽകുന്നത് ഇടതുപക്ഷ നേതാക്കളാണ്. ഇബ്രാഹീംകുഞ്ഞല്ല, ഇന്ദ്രനായാൽപോലും അഴിമതി ചെയ്താൽ പിടിക്കണമെന്ന് പി.ടി. തോമസ് അഭിപ്രായപ്പെട്ടു.
പിണറായിയുടേത് ദീർഘവീക്ഷണമുള്ള സർക്കാറാണെന്നും അതിനാൽ, ചരിത്രഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി. രാജീവ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ച് സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. അതിെനക്കാൾ കൂടുതൽ ഇത്തവണ ലഭിക്കും.
അടിസ്ഥാന വികസനരംഗത്ത് എറണാകുളം മുന്നിലാണ്. അതിനാൽ, മികച്ചനേട്ടം എൽ.ഡി.എഫിന് ഉണ്ടാകും. കളമശ്ശേരിയിൽ പാലാരിവട്ടം പാലത്തിെൻറ അഴിമതിയുടെ തുടർച്ച ഉണ്ടാകില്ല. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇക്കാര്യത്തിൽ അസംബന്ധമായ കാര്യങ്ങളാണ് പി.ടി. തോമസ് പറയുന്നതെന്നും രാജീവ് അഭിപ്രായപ്പെട്ടു.
യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിൽ ഒരു മുന്നണിയായി മത്സരിക്കണമെന്ന് കൊച്ചിയിലെ എൻ.ഡി.എ സ്ഥാനാർഥി സി.ജി. രാജഗോപാൽ ആവശ്യപ്പെട്ടു. ഇരുമുന്നണിയെയും ജനം തഴയും. ബി.ജെ.പി ചന്ദനമരമാണ്.
കമ്യൂണിസ്റ്റ് പാർട്ടി സ്വരവും രാഗവും താളവും നഷ്ടപ്പെട്ട പാർട്ടിയാണ്. കോൺഗ്രസാകട്ടെ, ചരട് നഷ്ടപ്പെട്ട പട്ടംപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി ശശികാന്ത്, പ്രസിഡൻറ് ഫിലിപ്പോസ് മാത്യു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.