മാസപ്പടിയിലെ യഥാർഥ കുറ്റവാളി മുഖ്യമന്ത്രി; സി.എം.ആർ.എല്ലിന് ഖനന അനുമതി ലഭിക്കാൻ ഇടപെട്ടെന്നും മാത്യു കുഴൽനാടൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് മാസപ്പടിയിലെ യഥാർഥ കുറ്റവാളിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. സി.എം.ആർ.എല്ലിന് കരിമണൽ ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും കുഴൽനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കർ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത്. സ്പീക്കർ മുഖ്യമന്ത്രിക്ക് കവചം തീർക്കുകയാണ്. നിലവിട്ടാണ് സ്പീക്കർ പെരുമാറിയത്. സ്പീക്കർ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും കുഴൽനാടൻ വിമർശിച്ചു. ‘2016 ഡിസംബർ മുതൽ വീണക്ക് മാസപ്പടി വന്നുതുടങ്ങി. കരിമണൽ ഖനനത്തിന് പാട്ടക്കരാർ ലഭിക്കുന്നതിനായിരുന്നു ഇത്. 2018ൽ വ്യവസായ നയം ഭേദഗതി ചെയ്തു. ഇത് സി.എം.ആർ.എല്ലിന് കരാർ അനുവദിച്ചുകൊടുക്കാൻ വേണ്ടിയുള്ള ഭേദഗതിയായിരുന്നു. ഭേദഗതിയുടെ ഇംഗ്ലീഷ്, മലയാളം രൂപങ്ങളിൽ വൈരുധ്യമുണ്ട്’ -കുഴൽനാടൻ പറഞ്ഞു. 2019ൽ കേന്ദ്രം വിവിധ തരത്തിലുള്ള ഖനനങ്ങൾ റദ്ദാക്കി.
തുടർന്ന് സി.എം.ആർ.എൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഈ നിവേദനം മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. തുടർന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇതിൽ ഇടപെട്ടത്. മറ്റൊരു വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി. ഇതോടെ വിഷയത്തിൽ അവസാന തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കായെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. മൂന്നുവർഷത്തിലേറെ എട്ട് ലക്ഷം രൂപ വീണക്ക് മാസപ്പടി ലഭിച്ചു. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. എല്ലാ രേഖകളും ഒളിക്കാനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് നൽകിയ സേവനത്തിന്റെ പ്രത്യുപകാരമാണ് മാസപ്പടി.
സ്പീക്കറടക്കം മുഖ്യമന്ത്രിക്ക് പരിച തീർക്കുകയാണ്. സഭയിൽ താനിത് പറഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ നിർബന്ധിതനായേനേ. എഴുതികൊടുക്കാതെ അഴിമതി അരോപണം ഉന്നയിക്കുന്നത് സ്പീക്കർ തടഞ്ഞിട്ടുണ്ട്. എഴുതി കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസം ഉണ്ടായിട്ടില്ല. സി.എം.ആർ.എല്ലിനുവേണ്ടി വ്യവസായ വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുഴൽനാടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.