മുഖ്യമന്ത്രി ബി.ജെ.പിയെ എതിർക്കുന്നത് വേദികളിൽ മാത്രം; വി. മുരളീധരൻ സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധത്തിന്റെ ഇടനിലക്കാരൻ -വി.ഡി സതീശൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയെ എതിർക്കുന്നത് വേദികളിൽ മാത്രമാണെന്നും രഹസ്യമായി അവരുമായി ബാന്ധവത്തിലേർപ്പെടാൻ ഒരു മടിയുമില്ലാത്തയാളാണദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ സർക്കാറിനെതിരെ വന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഴുവൻ ഒരു സുപ്രഭാതത്തിൽ അവസാനിച്ചു. ഇത് കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിക്കനുകൂലമായി സർക്കാർ നിലപാടെടുത്തതിനാലാണ്. ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ളവരാണ് ഇതിന്റെ ഇടനിലക്കാർ.
പകൽ ബി.ജെ.പി നേതാക്കൾ സി.പി.എം വിരോധം പറയും, രാത്രി സന്ധിചെയ്യും. ബി.ജെ.പി ആഗ്രഹിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതമാണ്. ഈ സർക്കാർ വീക്കായാൽ കോൺഗ്രസ് ശക്തിപ്പെടും. ഇത് മുന്നിൽ കണ്ടാണ് ഒത്തുകളി. വിഴിഞ്ഞം സമരവേളയിൽ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് സമരക്കാർക്കെതിരെ അദാനിക്കുവേണ്ടി നിലകൊണ്ടതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ പറഞ്ഞത് ആർ.എസ്.എസ് ആചാര്യൻ ഗോൾവാർക്കറിന്റെ വാക്കുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് എനിക്കെതിരെ കണ്ണൂരിൽ കേസ് നൽകിയിരിക്കുകയാണ് ആർ.എസ്.എസ്.
മുജാഹിദ് സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അത്തരം വേദികൾ ഇത്തരം പ്രചാരണത്തിനുപയോഗിക്കണോ എന്ന് എല്ലാവരും ചിന്തിക്കണം. സമ്മേളനത്തിലേക്ക് പി.എസ്. ശ്രീരധൻ പിള്ളയെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ സംഘാടകരാണ് അക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു മറുപടി.
ജി. സുകുമാരൻ നായർ ശശി തരൂരിനെ കേരള പുത്രനെന്ന് വിളിച്ചത് സ്വാഗതാർഹമാണ്. കോൺഗ്രസ് നേതാക്കളെ നല്ലത് പറയുന്നതിനെ എന്നും സ്വാഗതം ചെയ്യും. ഇ.പി. ജയാജനെതിരായ ആരോപണങ്ങളിൽ യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം വ്യവസായ മന്ത്രിയായപ്പോൾ അനധികൃതമായി പണം സമ്പാദിക്കുകയും അത് വെളിപ്പിക്കുകയുമാണ് ചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളെവിടെപ്പോയെന്നും സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.