മയക്കുമരുന്നിനെതിരെ ബഹുമുഖ കർമപദ്ധതി; ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെതിരെ ആവിഷ്കരിച്ച ബഹുമുഖ കർമപദ്ധതി ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ല, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സമിതികള്‍ പ്രവര്‍ത്തിക്കും. നവംബര്‍ ഒന്നുവരെ തീവ്രപ്രചാരണ പരിപാടികള്‍ നടത്തും. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖർ കാമ്പയിന് പിന്തുണ നല്‍കും. യുവാക്കള്‍ കാമ്പയിന്‍റെ മുന്നണിയില്‍ പങ്കുചേരണം.
നവംബര്‍ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷാകർത്താക്കളെയും പൂർവവിദ്യാർഥികളെയും പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ്സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബുകള്‍ എന്നിവിടങ്ങളില്‍ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും.
വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്കിറ്റ്, കവിതാലാപനം, കഥ വായന, പ്രസംഗം, പോസ്റ്റര്‍ രചന തുടങ്ങിയവ സംഘടിപ്പിക്കും.
ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കും. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാര്‍ഥങ്ങള്‍ വിൽക്കുന്നില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പൊലീസ്/എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എക്സൈസ് ഓഫിസുകളിൽ ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പൊലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്പെഷല്‍ ഡ്രൈവ് നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൃത്രിമ രാസ ലഹരിവസ്തുക്കള്‍ എത്തുന്നത് തടയാൻ അന്വേഷണ രീതിയിൽ മാറ്റം വരുത്തും. നാര്‍ക്കോട്ടിക് കേസുകളില്‍പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നത് കണ്ടെത്തിയാല്‍ പൂട്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.