Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല, വേണ്ടത് ആരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
V D Satheesan, Pinarayi Vijayan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉയരുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് വേണ്ടത്. സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വളരെ കൃത്യമാണ്:

1. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിന്?

2. ആര്‍.എസ്.എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്?

3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചത്?

4. ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്?

5. പ്രതിപക്ഷത്തിനൊപ്പം എല്‍.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?

6. കോവളത്ത് റാം മാധവ് - എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ?

7. പത്ത് ദിവസമായി ഒരു സി.പി.എം എം.എല്‍.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ?

പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രീ നിങ്ങള്‍.

പിണറായി വിജയനും സി.പി.എമ്മിനും ആര്‍.എസ്.എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആര്‍.എസ്.എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്?

ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും.

1977 ല്‍ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എയായിരുന്നു പിണറായി വിജയന്‍. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാർഥിയായിരുന്നില്ലേ ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍. അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്‌പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് പിണറായി വിജയന്‍ ആര്‍.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും സി.പി.എം വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത്?

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ തന്നെയല്ലേ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി നിയമസഭയില്‍ ചോദിച്ചിട്ടും മറുപടി ഇല്ലാതെ കുനിഞ്ഞ് ഇരിക്കുകയായിരുന്നില്ലേ?

തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ച് പിണറായി വിജയന്‍ വാക്ക് പാലിച്ചതോടെ കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവുമൊക്കെ മരവിച്ചില്ലേ? ഇതൊക്കെ പൊതുമധ്യത്തിലുള്ള വസ്തുതകളാണ് മുഖ്യമന്ത്രീ.

പിന്നെ, ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതിനെ കുറിച്ച് എങ്ങും തൊടാതെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. 2013ല്‍ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍ എഴുതിയ 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി. പരമേശ്വരനും ഉണ്ടായിരുന്നു. ഇതേ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിങ് ഡറക്ടറായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ക്ഷണപ്രകാരം ഞാനും പങ്കെടുത്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘ്പരിവാര്‍ മുന്നോട്ട് വക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

പിന്നെ തലശേരി കലാപം! ആ കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ. പി.ടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ടല്ലോ? കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ലല്ലോ. സത്യം ഇതായിരിക്കെ ആരെ കബളിപ്പിക്കാനാണ് സി.പി.എം ഇപ്പോഴും തലശേരി കലാപത്തെ ഉപയോഗിക്കുന്നത്?

ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത്? സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanV D SatheesanADGP Ajith Kumar
News Summary - Chief Minister Pinarayi Vijayan answer to the allegations -V.D. Satheesan
Next Story