Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇങ്ങനൊരു കലാകാരൻ...

'ഇങ്ങനൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം'; ഷാജി എൻ കരുണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
ഇങ്ങനൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം; ഷാജി എൻ കരുണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് അദ്ദേഹം.

ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ്. ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികൾക്കും അഭിമാനബോധമുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകാവാഹകനുമായിരുന്നു ഷാജി എൻ കരുൺ. അടിയന്തരാവസ്ഥകാലത്ത് പൊലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേഭകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്രഭാഷ്യം. അതിന് പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചലചിത്രങ്ങളും അന്തർദേശീയ പ്രശസ്തിയും അംഗീകാരങ്ങളും നേടി. കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.

സിനിമയെ സർഗപരവും സൗന്ദ്യരാത്മകവും കലാപരവും ആയി ഉപയോഗിക്കുന്ന മാധ്യമമായി നിലനിർത്തുമ്പോൾ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

നിരവധി അന്തർദേശീയ-ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഷാജി എൻ കരുണിന്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും ഒടുവിലായി ജെ. സി ഡാനിയൽ അവാർഡ് സർക്കാരിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഓർക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുളള ഇടപെടലുകളിലും ഷാജി എൻ കരുൺ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തി എടുക്കുന്നതിൽ ഷാജി എൻ കരുണിന്റെ സംഭാവന നിസ്തുലമാണ് .

പുരോഗമന രാഷ്ട്രീയത്തിെൻറ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാൻ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ കരുണിന്റെതായിരുന്നു.

സിനിമയുടെ കലാപരമായ ഉന്നതിക്കും സിനിമാ മേഖലയുടെപുരോഗതിക്കും വേണ്ടി അവിശ്രമം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് സിനിമാ മേഖലക്ക് മാത്രമല്ല കേരളത്തിനാകെത്തന്നെ വലിയ നഷ്ടമാണെന്നും വേർപാടിൽ കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaji n karunPinarayi Vijayan
News Summary - Chief Minister Pinarayi Vijayan condoles the death of Shaji N Karun
Next Story