കോവിഡ് കാലത്തെ ഭക്ഷണക്രമം വിവരിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സമീകൃത ആഹാരത്തിന്‍റെ പ്രധാന്യം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ശരീരത്തിന്‍റെ പ്രതിരോധ ശക്തി നിയന്ത്രിക്കുന്നതിൽ പ്രധാനഘടകം സമീകൃതാഹാരം തന്നെയാണെന്ന് വ്യാഴാഴ്ച കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നേരിടുന്നതിന് ആഹാരം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ ബാധിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് സമീകൃതാഹാരത്തിന്‍റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. സമീകൃതാഹാരം എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഘടകങ്ങൾ ശരിയായ അളവിൽ കിട്ടുക എന്നതാണ്. പോഷകാഹാരക്കുറവ് യഥാർത്ഥത്തിൽ ദരിദ്ര വിഭാഗങ്ങളിൽ മാത്രമല്ല, സാമ്പത്തിക ശേഷയുള്ളവരിലും കാണുന്നുണ്ട്. സമീകൃതാഹാരത്തെക്കുറിച്ച് പലർക്കും ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രി, എന്തെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും വിശദീകരിച്ചു.
ഊർജത്തിന് വേണ്ടി അരി, ഗോതമ്പ്, ചോളം, മുത്താറി, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം.
സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ്, പ്രോട്ടീൻ. പയർ, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് നിർബന്ധമായിരിക്കണം. ഊർജത്തിന് വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20 - 25 ശതമാനം മാംസ്യ വിഭവം ഉണ്ടായിരിക്കണം.
ഭക്ഷണത്തിൽ വേണ്ടത്ര പച്ചക്കറി ഉണ്ടാകണം. ചീര, വെണ്ട, പാവക്ക, കോവക്ക, കക്കരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇങ്ങിനെയുള്ളതെല്ലാം ധാരാളം കഴിക്കാം.
നാലാമത്തെ ഇനങ്ങളായ പഴങ്ങൾ എല്ലാ നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളായ വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ, പപ്പായ, പേരക്ക, ഒാറഞ്ച്, സപ്പോട്ട, ചാമ്പക്ക ഏതുമാകാം -മുഖ്യമന്ത്രി വിശദീകരിച്ചു.
വെള്ളം ഏറെ പ്രധാനമാണ്. ദിവസേനെ രണ്ടര-മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. വേണ്ടത്ര ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും ഉറപ്പുവരുത്തണം. പലരും കഴിക്കുന്ന ജങ്ക് ഫുഡ് പാടേ ഒഴിവാക്കുന്നതാണ് നല്ലത്. പ്രകൃതി ഭക്ഷണക്കാർ മറ്റു ഭക്ഷണങ്ങളുടെ കൂടെ പഴങ്ങൾ കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്ന് വരും. സാധാരണ നിലക്ക് ഇത്തരത്തിൽ കഴിക്കുകയെന്നുള്ളതാണ് നിർദേശമായി പറയുന്നത് -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.