കോൺഗ്രസുമായി ഇടഞ്ഞ സി.കെ. ശ്രീധരന്റെ ചടങ്ങിലേക്ക് മുഖ്യമന്ത്രി; അഭ്യൂഹം ശക്തം
text_fieldsകാസർകോട്: പ്രഗത്ഭ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സി.കെ. ശ്രീധരന്റെ ആത്മകഥ പ്രകാശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇല്ലാത്ത കോൺഗ്രസ് നേതാവിന്റെ ചടങ്ങിൽ സംബന്ധിക്കാൻ വേണ്ടിമാത്രം മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കാഞ്ഞങ്ങാട്ട് എത്തും. കോൺഗ്രസിൽനിന്ന് നേതാക്കളെ അടർത്തുന്ന സി.പി.എം തന്ത്രങ്ങളുടെ ഭാഗമാണോയെന്നതാണ് ഉറ്റുനോക്കുന്നത്. അങ്ങനെവന്നാൽ പ്രഗത്ഭനായ നിയമജ്ഞൻ സി.പി.എം പാളയത്തിലാകും. അത് കോൺഗ്രസിന് തിരിച്ചടിയും.
ടി.പി. ചന്ദ്രശേഖരൻ, നാൽപാടി വാസു, അരിയിൽ ഷുക്കൂർ, ചീമേനി കൊലക്കേസുകൾ, ഇ.പി. ജയരാജൻ വധശ്രമം തുടങ്ങിയ കേസുകളിൽ സി.പി.എമ്മിന്റെ എല്ലാ നീക്കങ്ങളും നിയമംകൊണ്ടു തകർത്ത സി.കെ. ശ്രീധരനെ പുനഃസംഘടനയിൽ കോൺഗ്രസ് തഴഞ്ഞിരുന്നു. പ്രതിഷേധവുമായി അദ്ദേഹം പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നതിനിടെയാണ് തന്റെ ആത്മകഥയായ 'ജീവിതം നിയമം നിലപാടുകൾ' പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നത്. ബുധനാഴ്ച വൈകീട്ടത്തെ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ സി.പി.എം നേതാക്കളാണ് മുൻനിരയിൽ. പ്രത്യേക പതിപ്പും ഇറക്കുന്നുണ്ട്.
കെ. സുധാകരനുമായുണ്ടായ ചേർച്ചക്കുറവാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. ടി.പി. വധഗൂഢാലോചന കേസിൽ പ്രത്യേക കോടതിയിൽ പ്രതികളായ 11 പേരിൽ ജാമ്യത്തിന് അപേക്ഷിച്ച അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചത് കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. മറ്റുള്ളവർക്കുകൂടി ജാമ്യം അനുവദിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ അത് തടയാൻ ഹൈകോടതിയിൽ താൻ ഹാജരാകാൻ ഉത്തരവിറക്കണമെന്ന് സി.കെ ആവശ്യപ്പെട്ടു. ഹൈകോടതിയിൽ ''കേരളം വിറങ്ങലിച്ചുനിൽക്കുകയാണ്. പ്രതികൾക്ക് കോടതി ജാമ്യം നൽകിയാൽ വീണ്ടും കൊലക്കളമാകും'' എന്ന് അദ്ദേഹം നടത്തിയ പരാമർശം കുഞ്ഞനന്തനുൾപ്പെടെയുള്ളവരെ ജയിലിലെത്തിച്ചു. ഇ.പി. ജയരാജൻ വധശ്രമക്കേസ് നടന്നത് ചെന്നൈയിലെ കോടതിയിലാണ്. പുറമെ അന്നത്തെ എൽ.ഡി.എഫ് സർക്കാർ തിരുവനന്തപുരത്ത് ഗൂഢാലോചന കേസുമെടുത്തു. ഈ കേസിൽ റിമാൻഡിലാകാതെ സുധാകരനെ രക്ഷിച്ചതും സി.കെയായിരുന്നു. നാൽപാടി വാസു വധക്കേസിൽ തലശ്ശേരി കോടതി ഡി.സി.സി പ്രസിഡന്റായിരുന്ന കെ. സുധാകരനെ ശിക്ഷിച്ചേക്കുമെന്ന നിലവന്നപ്പോൾ പകരം പുതിയ പ്രസിഡന്റിനുവേണ്ടിയുള്ള നീക്കം വരെ നടന്നു. എന്നാൽ, വിധിവന്നപ്പോൾ സുധാകരൻ കുറ്റമുക്തനായി.
കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ മത്സരത്തിനിറങ്ങിയപ്പോൾ സുധാകരന്റെ പഴയ പാപ്പർഹരജി തിരഞ്ഞുപിടിച്ച് സി.പി.എം കോടതിയെ സമീപിച്ചു. അതിലും രക്ഷകനായത് സി.കെയായിരുന്നു. അങ്ങനെയുള്ള സി.കെയെ കോൺഗ്രസ് തഴഞ്ഞതോടെയാണ് സി.പി.എം പാളയത്തിലേക്ക് എന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം എന്നും കോൺഗ്രസുകാരനായി തുടരുമെന്നും ചടങ്ങിന്റെ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി ബഷീർ ആറങ്ങാടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.