യുവാക്കളുമായി സംവദിച്ചും ചോദ്യങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: യുവാക്കളുമായി സംവദിച്ചും ചോദ്യങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമനടൻമാരും കായികതാരങ്ങളും ഗായകരും സംരംഭകരും ശാസ്ത്രകാരന്മാരും എഴുത്തുകാരുമടക്കം യുവതലമുറയുടെ നേർ പരിച്ഛേദമാണ് തലസ്ഥാനത്ത് മുഖ്യന്ത്രിയുടെ മുഖാമുഖം പരിപാടിക്കെത്തിയത്. യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതുസഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാറിൽനിന്നുണ്ടാകും.
ജനങ്ങളുമായി നന്നായി ഇടപഴകുന്നവരാണ് സർക്കാറിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസ്സിൽവെച്ചുകൊണ്ടാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. കാലത്തിന് അനുസൃതമായ സാധ്യതകൾ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണ് ശ്രമം.
കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം. കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ലെന്നും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലെന്നുമുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചർച്ച കേട്ട ശേഷം മുഖ്യമന്ത്രി മറുപടിയും നൽകി.
കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എ.എ. റഹീം എം.പി, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അർജുൻ അശോക്, അനശ്വര രാജൻ, വിധു പ്രതാപ്, പി.യു. ചിത്ര, നിലീന അത്തോളി, ബി.കെ. ഹരിനാരായണൻ, അബിൻ ജോസഫ്, ഡോ. അമ്പിളി, എൻ.കെ. ഷബിത, ശ്യാമ, കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
‘രാഷ്ട്രീയത്തിൽ ചേർന്നാൽ വഴിപിഴക്കുമോ?’
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ ആദ്യം ചോദ്യം തന്നെ രാഷ്ട്രീയം, അതും നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റേതും. ‘‘കോളജില്‍ ചേര്‍ന്നപ്പോള്‍ രക്ഷാകർത്താക്കള് ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ചേരരുത്, ചേര്‍ന്നാല്‍ വഴിപിഴച്ചുപോകും ’’ ...കോളജിൽ ചേർന്നപ്പോൾ രക്ഷാകർത്താക്കൾ നൽകിയ ഉപദേശം ഉദ്ധരിച്ചാണ് ബേസിൽ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍, രാഷ്ടീയത്തില്‍ ചേര്‍ന്ന താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസില്‍ പറഞ്ഞു.
ഈ ഒരു സാഹചര്യത്തില്‍ യുവാക്കളെ രാഷ്ട്രീയ ബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ‘‘രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുകയെന്ന് മുഖ്യമന്ത്രി മുറുപടി നല്കി. രാഷ്ട്രീയത്തിലും ജീര്‍ണതകള്‍ ബാധിച്ചവരുണ്ട്, അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്. വിദ്യാര്ഥിരാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.