"വിഷാംശം ഉള്ളവർ വിഷം ചീറ്റികൊണ്ടിരിക്കും"; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനക്കും സംഘ്പരിവാർ കേന്ദ്രങ്ങളുടെ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷം ചീറ്റുന്നതിന് സഹായകരമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളിൽപെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരു ഉദാഹരണം കൂടിയാണ് ഇന്ന് കളമശ്ശേരിയിൽ കണ്ടത്, കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ, നിരപരാധികളായ കൃസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ്’’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
വർഗീയ വീക്ഷണത്തോടെയുള്ളതാണ് മന്ത്രിയുടെ നിലപാട്. മന്ത്രിസ്ഥാനത്തിരിക്കുന്നയാൾ അന്വേഷണ ഏജൻസികളോട് ആദരവ് കാണിക്കണം. കേരള പൊലീസ് ആണ് അന്വേഷിക്കുന്നതെങ്കിലും കേന്ദ്ര ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. അത്തരം സംഭവത്തിൽ നേരത്തെ തന്നെ പ്രത്യേക നിലപാടെടുത്ത്, ചിലരെ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ഈ വിഭാഗം നടത്തുന്നത്. അത് അവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണ്. അതിനൊപ്പമല്ല കേരളം നിൽക്കുന്നത്.
ഒരു പ്രത്യേക വിഭാഗത്തെ ടാർഗറ്റ് ചെയ്ത് ആക്രമണത്തിന് പ്രത്യേക മാനം നൽകുന്നത് എന്തടിസ്ഥാനത്തിലാണ്. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ ഇതുപോലെ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറ്റവാളികൾ രക്ഷപ്പെടില്ല. പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വിഷലിപ്ത പ്രചാരണങ്ങളിൽ കർശന നിയമനടപടിയുണ്ടാകും. അതിൽ നിന്ന് രാഷ്ട്രീയ നേതാക്കളും ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.