മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദർശനത്തിന് വിദേശത്തേക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയി. തിങ്കളാഴ്ച പുലർച്ച നെടുമ്പാശ്ശേരിയിൽനിന്ന് ദുബൈ വഴിയാണ് മുഖ്യമന്ത്രി, ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർ ഇന്തോനേഷ്യയിലേക്ക് പോയത്. മേയ് രണ്ടുമുതൽ അഞ്ചുവരെ ദുബൈയിലുണ്ടായിരുന്ന മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും തിങ്കളാഴ്ച ഇന്ത്യോനേഷ്യയിലേക്ക് പോയി.
സ്വകാര്യ സന്ദർശനമെന്ന് സൂചിപ്പിച്ചാണ് യാത്രാനുമതിക്ക് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിൽ അപേക്ഷ നൽകിയത്. ഇന്ത്യോനേഷ്യ, സിംഗപ്പുർ, യു.എ.ഇ എന്നിവിടങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് 16 ദിവസത്തേക്കാണ് യാത്രാനുമതി. ഇതേ രാജ്യങ്ങൾ സന്ദർശിച്ച് 21ന് മടങ്ങുന്ന മന്ത്രി മുഹമ്മദ് റിയാസിന് 20 ദിവസവും. 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്ത്യോനേഷ്യയിലുണ്ടാകും. 12 മുതൽ 18 വരെ സിംഗപ്പുരും 19 മുതൽ 21 വരെ യു.എ.ഇയും സന്ദർശിക്കും.
കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചനയാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അടുത്ത യോഗം ഓൺലൈനിലായിരിക്കുമെന്ന അറിയിപ്പ് മാത്രമാണുണ്ടായിരുന്നത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്ത് പോകുന്ന വേളകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ യാത്ര വിവരങ്ങൾ സംബന്ധിച്ച് വാർത്തക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായില്ല.
അടുത്ത ദിവസങ്ങളില്‍ പൊതുപരിപാടികൾ നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ചാണ് യാത്ര. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് പരിമിതിയുണ്ട്. യാത്രാവിവരം രാജ്ഭവനെയും അറിയിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രിയുടെ സ്വകാര്യയാത്രയിൽ ചോദ്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വകാര്യ സന്ദർശനമാണെങ്കിലും ഔദ്യോഗിക സന്ദർശനമാണെങ്കിലും രാഷ്ട്രീയ-പൊതുപ്രവർത്തകർ എന്തിനാണ് യാത്രയെന്നത് വിശദീകരിക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.